X

വി എസ്സിന് സഹിഷ്ണുതയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും നിലവാരമില്ലെന്ന് സുധീരനും

അഴിമുഖം പ്രതിനിധി

രാഷ്ട്രീയമായ വിമര്‍ശനത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ കെ ആന്റണിക്കും വി എം സുധീരനും എതിരെ വി എസ് നടത്തിയ പ്രസ്താവനകള്‍ അതിരുകടന്നതാണ്. വി എസ്സിന് എന്തും പറയാം, ആരെക്കുറിച്ചും പറയാം. മോശമായ പരാമര്‍ശം നടത്താം. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് രാഷ്ട്രീയവിമര്‍ശനംപോലും പാടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. അരുവിക്കരയിലെ ജനങ്ങള്‍ അതിനുള്ള മറുപടി നല്‍കുമെന്നും അക്രമരാഷ്ട്രീയത്തിനുള്ള താക്കീതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കരയില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്. ജനങ്ങള്‍പോലും തള്ളിക്കളഞ്ഞ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.എല്‍.ഡി.എഫിന്റെ കാലത്ത് വി.എസ്സിന്റെ മകനെതിരെ ആരോപണം വന്നിട്ട് അന്വേഷണം നടത്തിയോ. വ്യവയാസമന്ത്രിയെക്കുറിച്ച് വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്റേടത്തോട് കൂടി എന്താ അന്വേഷണം ആവശ്യപ്പെടാതിരുന്നത്.

അതേസമയം ആന്റിണിക്കെതിരെയുണ്ടായ വി എസ്സിന്റെ പരാമാര്‍ശം അദ്ദേഹത്തിന്റെ നിലവാര തകര്‍ച്ചയാണ് കണാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തരംതാണ പരാമര്‍ശമായിരുന്നു വി എസ്സിന്റെത്. വളരെ തെറ്റായ പദപ്രയോഗം പിന്‍വലിച്ച് പൊതുവേദിയില്‍ മാപ്പ് പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വി എസ്സിന്റെ വാക്കുകള്‍ക്ക് അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുത്ത് യു ഡി എഫ് ഒരിക്കലും മറുപടി നല്‍കിയിട്ടില്ല. കൊല്ലത്ത് പിണറായിക്ക് എന്നതുപോലെ അരുവിക്കരയില്‍ വി എസ്സിന് ജനം മറുപടി നല്‍കുമെന്ന് സുധീരന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:14 pm