X

ദേശഭക്തിക്കാലത്തെ ആധാര്‍ സുരക്ഷാവീഴ്ച്ചയും ദ്വിവേദിമാരെ ആവശ്യമില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയവും

കാവി ചുറ്റിയാല്‍ താനേ വരുന്ന ഒന്നല്ല ദേശഭക്തി; ന്യൂനപക്ഷങ്ങളെ ആക്രമിച്ചാലും അത് കിട്ടില്ല; അല്ലെങ്കില്‍ പാകിസ്ഥാനെ ടെലിവിഷന്‍ ചാനലില്‍ ചീത്തവിളിച്ചാല്‍; അതുമല്ലെങ്കില്‍ ആളുകളെ ഭീഷണിപ്പെടുത്തി വന്ദേ മാതരം പാടിച്ചാലും അതുണ്ടാകില്ല

ഒരു ശരിയായ ദേശഭക്തനെ കാണിച്ചുതരാന്‍ പറഞ്ഞാല്‍ ഈയാഴ്ച്ച ഞാന്‍ സംശയമില്ലാതെ  ഒരാളെ കാണിച്ചുതരും; ജലന്ധറില്‍ രാമ മണ്ഡിയില്‍ ചെറുകിട വ്യാപാരം നടത്തുന്ന ഭരത് ഭൂഷണ്‍ ഗുപ്ത. ഇല്ല, അയാള്‍ യുദ്ധമുന്നണിയില്‍പ്പോയി അസാമാന്യ ധീരതാ പ്രകടനം നടത്തിയിട്ടില്ല. പക്ഷേ ദേശസുരക്ഷയ്ക്ക് ഭീഷണി നേരിടുന്നു എന്നു തോന്നിയപ്പോള്‍ അതിനായി എന്തെങ്കിലും ചെയ്യാന്‍ അയാള്‍ ശ്രമിച്ചു.

കാര്യം വ്യക്തമാക്കാം. ദേശഭക്തി വളരെ കുലീനമായ വികാരമാണ്, ഒരു മനുഷ്യനു തോന്നാവുന്ന പ്രതിബദ്ധതയില്‍ ഏറ്റവും തെളിമയാര്‍ന്നത്.

ദേശഭക്തി ഏതെങ്കിലുമൊരു സമുദായത്തിന്റെ കുത്തകയല്ല, അതിപ്പോള്‍ ആ സമുദായം ഭൂരിപക്ഷമാണെങ്കിലും. അത് അധികാരത്തിലിരിക്കുന്നവരുടെ കുത്തകയുമല്ല.

കാവി ചുറ്റിയാല്‍ താനേ വരുന്ന ഒന്നല്ല ദേശഭക്തി; ന്യൂനപക്ഷങ്ങളെ ആക്രമിച്ചാലും അത് കിട്ടില്ല; അല്ലെങ്കില്‍ പാകിസ്ഥാനെ ടെലിവിഷന്‍ ചാനലില്‍ ചീത്തവിളിച്ചാല്‍; അതുമല്ലെങ്കില്‍ ആളുകളെ ഭീഷണിപ്പെടുത്തി വന്ദേ മാതരം പാടിച്ചാലും അതുണ്ടാകില്ല. അതൊരുതരത്തിലും ഒരു കക്ഷിരാഷ്ട്രീയ വിഷയമല്ല. ദേശഭക്തി എന്നാല്‍ രാജ്യത്തിന്റെ ക്ഷേമവും ഐക്യവും സുരക്ഷയും സംബന്ധിച്ച കളങ്കമില്ലാത്ത ശ്രദ്ധയാണ്.

ഭരത് ഭൂഷണ്‍ ഗുപ്തയേക്കാളും അത് പ്രത്യക്ഷവത്കരിച്ച മറ്റൊരാളില്ല. ആധാര്‍ ശൃംഖലയില്‍ പഴുതുകളുണ്ടെന്നും അത് ദേശ വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുമെന്നും കണ്ടെത്തിയ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് അയാള്‍ തീരുമാനിച്ചു. അധികൃതരെ ബന്ധപ്പെടാന്‍ അയാള്‍ ആവതും ശ്രമിച്ചു. പതിവുപോലെ അവര്‍ക്ക് ചട്ടപ്പടി ന്യായങ്ങളുണ്ടായിരുന്നു. ഗുപ്തയുടെ വാക്കുകള്‍ അവഗണിക്കപ്പെട്ടു. ഇത് അഴിമതിയുടെ കാര്യമല്ല, കുറ്റകരമായ അനാസ്ഥയാണ് (അതിനാകട്ടെ നമ്മുടെ സേവന വ്യവസ്ഥകളില്‍ ശിക്ഷയുമില്ല).

എന്നാല്‍ ചുവപ്പുനാടകളില്‍ വിഷയം അകാലചരമം പ്രാപിക്കാതിരിക്കാന്‍ ഗുപ്ത ട്രിബ്യൂണിനെ സമീപിച്ചു. ആധാര്‍ ഡാറ്റ ബാങ്കിലെ സുരക്ഷാ വീഴ്ചകളുടെ സാധ്യതകള്‍ എന്റെ സഹപ്രവര്‍ത്തക രചന ഖൈര മികച്ച രീതിയില്‍ പുറത്തുകൊണ്ടുവന്നു.

ആധാര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല

ചിലപ്പോള്‍ ഒരു വാര്‍ത്ത ഒരു മാധ്യമ പ്രവര്‍ത്തനം മാത്രമാകില്ല. അത് ദേശീയ താത്പര്യമുള്ള ഒരു പ്രവര്‍ത്തിയായി മാറും. രചന ഖൈരെയുടേത് അത്തരത്തില്‍ ഒരു പണിയായിരുന്നു.

എന്നിട്ട്, എന്തായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം?

നിഷേധിക്കുക. ഡാറ്റയുടെ പിഴവില്ലായ്മ ആവര്‍ത്തിക്കുക. ഒരു എഫ് ഐ ആര്‍ രേഖപ്പെടുത്തുക.

ആശങ്ക നിറഞ്ഞ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാനാകും സര്‍ക്കാര്‍ ശ്രമിച്ചത് എന്നു വാദിക്കാം. പക്ഷേ ഇത്തരത്തിലൊരു വിവരശേഖര ചോര്‍ച്ചയുടെ സാധ്യത തങ്ങള്‍ ഗൗരവമായി കാണുന്നു എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

സാങ്കേതികവിദ്യ മിക്കപ്പോഴും പരിപൂര്‍ണമായും അജയ്യമാണ് എന്ന അവകാശവാദത്തോടെയാകും വരിക. ഈ വിശ്വാസം ആധുനികകാലത്തിന്റെ പുതിയ മതമാണ്. എല്ലാവരും ഒരു ചെറിയ വസ്തുതയെ അവഗണിക്കുന്നു: ഇതൊരു ബുദ്ധിമാനായ മനുഷ്യന്റെ സൃഷ്ടിയാണ്, പക്ഷെ കൂടുതല്‍ കുശാഗ്രബുദ്ധിയായ മറ്റൊരു മനുഷ്യന് ഇതിനെ മറികടക്കാനാകും. ലോകത്തെങ്ങും സൈബര്‍ സുരക്ഷയുടെ ഈ ഭ്രമാത്മകമായ വെല്ലുവിളി ഏറ്റെടുക്കുന്ന നിരവധി വിചിത്ര ബുദ്ധികേന്ദ്രങ്ങളുണ്ട്.

ആധാര്‍ ഒരു മണ്ടന്‍ പദ്ധതിയല്ല, എന്നാല്‍ അതിന്റെ സുരക്ഷയും തകര്‍ക്കാന്‍ കഴിയാത്ത മതിലുകളും ഇനിയും പൂര്‍ണമായും ഉറപ്പായിട്ടില്ല. അതുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത ദേശഭക്തന്മാര്‍ക്കാണ്.

മൂന്നുതവണയായി 18 വര്‍ഷത്തെ അംഗത്വത്തിന് ശേഷം ജനാര്‍ദന്‍ ദ്വിവേദി രാജ്യസഭയോട് വിട പറഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ അദ്ദേഹം കോണ്‍ഗ്രസ് കക്ഷിയിലെ ഏറ്റവും സ്വാധീനമുള്ള ശബ്ദമായിരുന്നു. ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ സഭയിലെത്തിക്കാനുള്ള ആള്‍ബലം ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. അദ്ദേഹത്തിന്റെ മടങ്ങിപ്പോക്കും തിരിച്ചുകൊണ്ടുവരാന്‍ ശേഷിയില്ലാത്ത അദ്ദേഹത്തിന്റെ കക്ഷിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മാറിയ മുഖത്തെ കാണിക്കുന്നു. ഒപ്പം, സോണിയ യുഗത്തിന്റെ അന്ത്യവും.

24, അക്ബര്‍ റോഡില്‍ നിന്നും പ്രവര്‍ത്തിച്ചിരുന്ന പഴയ ഗണത്തില്‍പ്പെട്ട ഒരാളാണ് ദ്വിവേദിജി എന്നു പരക്കെ അറിയപ്പെടുന്ന ജനാര്‍ദന്‍ ദ്വിവേദി. ഞാനയാളെ ആദ്യം കാണുമ്പോള്‍ എഐസിസി ആസ്ഥാനത്തെ ഒരു ഇടുങ്ങിയ മുറിയില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു അയാള്‍. ക്രമേണ ജനറല്‍ സെക്രട്ടറിമാര്‍ക്കുള്ള വിശാലമായ മുറികളിലേക്കൊന്നിലേക്ക് അയാള്‍ മാറി. അധികാരശ്രേണിയിലെ അയാളുടെ ഉയര്‍ച്ച കോണ്‍ഗ്രസിന്റെ പതിവുരീതികളെ വെളിവാക്കുന്നതായിരുന്നു. പ്രതിഭകളെ കണ്ടെത്തി, പ്രതിബദ്ധതയെ വളര്‍ത്തി പ്രതിഫലം നല്കാന്‍ അതിനായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള നിരവധി നേതാക്കളുള്ള ആ കക്ഷിയില്‍ ദ്വിവേദി ഹിന്ദിയില്‍ മിടുക്കനായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളുമായുള്ള ഒരു ബന്ധം കൂടിയായിരുന്നു അയാള്‍ വഴിക്കും ഉണ്ടായിരുന്നത്.

വലിയൊരു പാര്‍ലമെന്റ് പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താനൊന്നും അയാള്‍ക്കു ശേഷിയില്ലായിരുന്നു. പക്ഷേ മൂന്നുതവണ രാജ്യസഭ സീറ്റ് നല്‍കിയത് ആ പാര്‍ട്ടിക്ക് അയാളിലുള്ള വിശ്വാസവും അയാളുടെ ഉപയോഗം തിരിച്ചറിഞ്ഞതുമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ച് സോണിയ ഗാന്ധി പറഞ്ഞ ‘മുംഗേരിലാല്‍ കെ ഹസീന്‍ സപ്‌നെ’ ദ്വിവേദിയുടെ സംഭാവനയായിരുന്നു. രണ്ടു പതിറ്റാണ്ടുകളായി എനിക്ക് ദ്വിവേദിയെ അറിയാം. അത്ര സുഖത്തിലല്ല ഞങ്ങള്‍ തുടങ്ങിയത്. അയാള്‍ ഒരു ബ്രാഹ്മണ വൃത്തത്തിന്റെ ഭാഗമാണ് എന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. അത് തെറ്റായ വിവരമായിരുന്നു. വര്‍ഷങ്ങള്‍ക്കൊണ്ട് പരസ്പര ബഹുമാനത്തിന്റെ ഒരു തലത്തിലെത്തി ഞങ്ങള്‍. എനിക്കത് ഏറെ ഗുണം ചെയ്തു. കാരണം കോണ്‍ഗ്രസ് കക്ഷിയുടെ ചരിത്രത്തെക്കുറിച്ച് അസാധാരണമായ ഓര്‍മ്മയായിരുന്നു അദ്ദേഹത്തിന്. ദ്വിവേദി ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.

ഒരു ചോദ്യം കൂടിയുണ്ട്: ജനാര്‍ദന്‍ ദ്വിവേദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇന്നാവശ്യമുണ്ടോ? കൂടുതല്‍ മാന്യമായ സംവാദങ്ങളിലൂടെ കടന്നുപോകുന്ന ഒരു രാഷ്ട്രീയകാലത്തിലാണ് അയാള്‍ വളര്‍ന്നുവന്നത്. ഇന്നിപ്പോള്‍ നാം എതിരാളികള്‍ക്ക് നേരെ അട്ടഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ടെലിവിഷന്‍ സ്റ്റുഡിയോകളിലെ ഈ അസംബന്ധ നാടകങ്ങള്‍ക്കിടയില്‍ അയാള്‍ വഴിതെറ്റിയ ഒരു അതിഥിയായിരിക്കും.

ഈയാഴ്ച്ച അസാധാരണമായ ഒരു സംഭവം നടന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഹര്‍സ ജില്ലയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. പെട്ടന്ന്, ഒരുകൂട്ടം ചെറുപ്പക്കാര്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി വീശി. പൊലീസുകാര്‍ പതിവുപോലെ ലാത്തിവീശി ചാടിവീണു.

മുഖ്യമന്ത്രി ഇടപെട്ടു, അവരോട് കടന്നുവരാന്‍ പറയാന്‍ ആവശ്യപ്പെട്ടു. ഒരു സംഭവം സൃഷ്ടിക്കാനാണ് പ്രതിഷേധക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്തിനാണ് അവര്‍ക്ക് അതിനൊരവസരം കൊടുക്കുന്നതെന്നും മാധ്യമശ്രദ്ധ കൊടുക്കുന്നതെന്നും ചോദിച്ചു. പിന്നെ അല്‍പം നര്‍മം കലര്‍ത്തി, കറുത്ത നിറത്തില്‍ ഒരു കുഴപ്പവുമില്ല എന്നും പറഞ്ഞു.

‘വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’ എന്നു നിതീഷ് കുമാര്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ കാണുന്നു. എന്തൊരു ശരിയായ നിരീക്ഷണം! ല്യൂട്യന്‍സ് ഡല്‍ഹിയിലെ കനത്ത സുരക്ഷകവചത്തിനകത്തുള്ള പുതിയ നേതാക്കളില്‍ നിന്നും വേറിട്ട അനുഭവമാണിത്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി സുരക്ഷാകവചങ്ങളാണ് നമ്മുടെ ജനാധിപത്യസംവിധാനത്തിനെ നിശ്ചയിക്കുന്നത്. ഒറ്റയ്ക്ക് നടക്കാന്‍ ജനപ്രിയരെന്ന് കരുത്തുന്ന നേതാക്കള്‍ക്ക് ഭയമാണ്!

പുതുവര്‍ഷാഘോഷത്തിന് ശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസിലെത്തി, ട്വിറ്ററില്‍ കയറി വിദേശ സര്‍ക്കാരുകള്‍ക്ക് നേരെ ഭീഷണികള്‍ അയച്ചുതുടങ്ങി. വടക്കന്‍ കൊറിയക്ക് നേരെയായിരുന്നു ഏറ്റവും വലിയ ഭീഷണി.

ഈ നാടകങ്ങള്‍ക്കിടയില്‍ ഒരു നിയമസമസ്യ ഉയര്‍ന്നു: ഭീഷണികള്‍ മുഴക്കാന്‍ ഉപയോഗിച്ചതിന് ട്രംപിന്റെ അക്കൌണ്ട് പൂട്ടിക്കണോ എന്ന്! എന്നാല്‍ ‘കൃത്യമായ ഒരു ഭീഷണി’ പുറപ്പെടുവിക്കാത്തതിനാല്‍ അതിന്റെ ആവശ്യമില്ല എന്ന് ന്യൂയോര്‍ക്കറില്‍ നല്കിയ ഒരു പ്രസ്താവനയില്‍ കമ്പനി അറിയിച്ചു.

നിസാരതകളിലാണ് എല്ലാവരും അഭിരമിക്കുന്നത്!

ജലദോഷം പിടിക്കാന്‍ മാന്യമായ വല്ല വഴികളുമുണ്ടോ? ഓരോ വര്‍ഷവും നമുക്ക് ശൈത്യവും മോശം കാലാവസ്ഥയും കാത്തിരിക്കുന്നു. ഈ കാലാവസ്ഥയെ നേരിടേണ്ടത് എങ്ങനെയെന്നാ ഉപദേശമാണ് എല്ലാ പത്രങ്ങളിലും ടെലിവിഷനിലും. ഇതൊക്കെയുണ്ടായിട്ടും ഒരു രക്ഷയുമില്ല.

പഴയ വൈദ്യന്റെ സേവനം ഒഴിവാക്കാനുമാകുന്നില്ല. പതിവുപോലെ ആന്റിബയോറ്റിക്‌സ് എഴുതിത്തന്നു. പക്ഷേ ഒന്നുകൂടി പറഞ്ഞു,’നിങ്ങളുടെ കാപ്പികുടി നിര്‍ത്തണ്ട.’
ആരെങ്കിലും ?

 

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

This post was last modified on January 15, 2018 9:47 am