X

അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കിയ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ഹംസ ലാദനെ അടുത്ത തലമുറ ഭീകരരുടെ നേതൃത്വത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അല്‍-ക്വയ്ദ

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കാന്‍ ശ്രമിച്ചു വരികയായിരുന്നു ഹംസ. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് എന്‍ബിസി ന്യൂസും, പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്നും മരണം സ്ഥിരീകരിക്കാന്‍ സമയമെടുത്തതായും റിപ്പോര്‍ട്ടു ചെയ്യുന്നു.

വര്‍ഷങ്ങളായുള്ള തകര്‍ച്ചയും ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവും തീവ്ര ജിഹാദി ഗ്രൂപ്പുകളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന അല്‍-ക്വയ്ദയുടെ നില പരിങ്ങലിലാക്കിയതോടെയാണ് ഹംസ നേതൃത്വത്തിലേക്ക് വരുന്നത്. അതിനായി പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പാകിസ്ഥാനിലെ ഗോത്രമേഖലകളിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.

“ഹംസ ലാദനെ അടുത്ത തലമുറയുടെ പിന്‍ഗാമിയാക്കാനുള്ള ശ്രമത്തിലായിരുന്നു അല്‍-ക്വയ്ദ. സംഘടനയുടെ ഔദ്യോഗിക നേതാവായ അയ്മാന്‍ അല്‍ സവാഹിരി മികച്ചൊരു നേതാവല്ല. അദ്ദേഹത്തിന് അനുയായികളില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി കുറവാണ്. അതുകൊണ്ടാണവര്‍ ഹംസയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചത്”‘ എന്ന് അല്‍-ക്വയ്ദ വിദഗ്ദ്ധനും ന്യൂ അമേരിക്ക ഫൌണ്ടേഷന്റെ അന്താരാഷ്ട്ര സുരക്ഷാ പ്രോഗ്രാം ഡയറക്ടറുമായ പീറ്റര്‍ ബെര്‍ഗന്‍ പറഞ്ഞു.

എന്നാല്‍ അടുത്ത കാലത്തായി ഹംസ ബിന്‍ ലാദന്‍ പല പരസ്യ പ്രസ്താവനകളും നടത്തിയിരുന്നുവെങ്കിലും, അദ്ദേഹം കര്‍മ്മനിരതനായ ഒരു നേതാവാണോ എന്ന് ബെര്‍ഗന്‍ ചോദിക്കുന്നു. സിറിയ, യെമന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ അല്‍- ക്വയ്ദയുടെ അനുബന്ധ സംഘടനകള്‍ സജീവമായിരിക്കെ, 9/11 ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സെന്‍ട്രല്‍ അല്‍-ക്വയ്ദ കാര്യമായി ഒന്നും ചെയ്തിട്ടില്ല. “ശരിക്കും അയാള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പ്രാധാന്യമുള്ള ഏതെങ്കിലും പ്രവര്‍ത്തനത്തിന് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നോ? എന്നതെല്ലാം രസകരമായ ഒരു ചോദ്യങ്ങളാണെന്ന്” ബെര്‍ഗന്‍ പറയുന്നു.

Also Read: ബിന്‍ ലാദനെ വെടിവച്ച നിമിഷങ്ങള്‍

അതേസമയം, ഹംസ ബിന്‍ ലാദന്‍ മരിച്ചുവെന്ന് യുഎസിന് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടോ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ‘ഞാന്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

2018 മാര്‍ച്ചിലാണ് അല്‍-ക്വയ്ദയുടെ മാധ്യമത്തിലൂടെ ഹംസ അവസാനമായി ഒരു പരസ്യപ്രസ്താവന നടത്തിയത്. സൗദി അറേബ്യയെ ഭീഷണിപ്പെടുത്തുകയും അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളോട് കലാപത്തിനു തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു ഇയാള്‍.

Also Read: ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതെങ്ങനെ? ഭാര്യ അമല്‍ പറയുന്നു…

തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കി. ഹംസ എവിടെയുണ്ടെന്നു പറഞ്ഞു കൊടുക്കുകയോ കുറഞ്ഞത് സൂചന നല്‍കുകയോ ചെയ്താല്‍ ഒരു മില്യണ്‍ യു.എസ് ഡോളറാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വാഗ്ദാനം ചെയ്തത്.

2017- ലാണ്‌ യു.എസ് ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. ഒസാമ ബിന്‍ ലാദന്റെ കൊലയ്ക്ക് യു.എസിനോടു പ്രതികാരം വീട്ടാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ സ്ഫോടനം അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ഹംസയുടെ നേതൃത്വത്തിലായിരുന്നു എന്നാണ് അമേരിക്കയുടെ വാദം.

2011- മേയ് രണ്ടിനാണ് ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വസതിയില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിലൂടെ അമേരിക്കന്‍ സൈന്യം ഈ ആഗോളഭീകരനെ കൊലപ്പെടുത്തിയത്.

Also Read: ഒസാമ ബിൻ ലാദന്‍: ആഗോള ഭീകരവാദത്തിന്റെ മരിക്കാത്ത പ്രതീകം

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ…  https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

This post was last modified on August 1, 2019 8:52 am