X

‘ക്രിസ്ത്യാനികളെ തൊട്ടു കളിച്ചാൽ… ആന്റണി നീതി പാലിക്കുക! കോപ്പിലെ നാടകം നിരോധിക്കുക!’

എന്തുട്ട് തമാശകളാ ല്ലേ – ബുക്ക് ബാൻ ചെയ്യണം – സംഭവാമി യുഗേ യുഗേ

ഒൻപതാം ക്ലാസ്സിൽ വിക്ടർ ഹ്യൂഗോ വിന്റെ ‘ലാ മിറാബിലെ’യിലെ ഒരു ചാപ്റ്റർ വായിച്ചോണ്ട് ഇരിക്കയായിരുന്നു. ജീൻ വാൽ ജീൻ – അതോ ഴാങ് വാൽ ഴാങ്ങോ – ആപ്പിൾ കട്ടിട്ട് നീണ്ട കാലത്തേക്ക് ജയിലിൽ പോകുന്ന? – ങാ അത് തന്നെ.

അപ്പോഴാണ് പുറത്തു ഒരു ബഹളം കേൾക്കുന്നത്. ക്രിസ്ത്യാനി സമരം!

മാഡൽ ബായസ് ആണേ – തൃശൂരാഷ്ടോ – എണ്‍പതുകളാണേ. സ്കൂളിൽ രാഷ്ട്രീയണ്ട്ന്ന്. അഞ്ചാം ക്ലാസ്സ് മുതൽ ഉള്ള പിള്ളേർ സ് ഫ് ഐ, കെ സ് ഉ എന്നൊക്കെ പറഞ്ഞു അങ്ങ് ഇറങ്ങും. ഒമ്പതിലും പത്തിലും ഉള്ള ഒരു പത്തു പേര് ഇറങ്ങിയാൽ മതി. നേരെ ഇവന്മാർ ബഹളവും ഉണ്ടാക്കിക്കൊണ്ട് അഞ്ചിലും ആറിലും ഇടിച്ചു കേറും. പിള്ളേർ ആരവത്തോടെ ഇറങ്ങി ഓടും. ഈ ചിടുങ്ങുകൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ കീ കീ സ്വരത്തിൽ വിളിച്ചോണ്ട് നേതാക്കളുടെ പുറകെ നടക്കും.

സ് ഫ് ഐ സിന്ദാവാ
കെ സ് ഉ സിന്ദാവാ
തോത്തിട്ടില്ല, തോത്തിട്ടില്ല …

അങ്ങനെ. സാറന്മാർ ഇറങ്ങിപ്പോകും. നമ്മളും പോവും, ക്രിക്കറ്റ് ബോളും ബാറ്റുമായിട്ട്.

ഇത് പക്ഷെ മുദ്രാവാക്യം വ്യത്യാസം ഉണ്ട്.

ക്രിസ്ത്യാനികളെ തൊട്ടു കളിച്ചാൽ ….
ആന്റണി നീതി പാലിക്കുക !
കോപ്പിലെ നാടകം നിരോധിക്കുക!

സംഭവം എന്താണെന്ന് വച്ചാൽ, നിക്കോസ് കസന്ത് സാക്കിസിന്റെ, ക്രിസ്തുവിന്റെ ഏഴാം തിരുമുറിവ് എന്ന പുസ്തകത്തിന്റെ നാടക ആവിഷ്കാരം ഏതോ ഒരു അന്തോണി ഇറക്കാൻ പോകുന്നു!

“എടാ അന്തോണീ, യൂദാസേ,
നിന്നെ പിന്നെ കണ്ടൊളാം.”

ഞാൻ ഇന്നേ വരെ ഇതുപോലെ സമരത്തിന് ഇറങ്ങിയിട്ടില്ല. രാഷ്ട്രീയം ഒക്കെ അറിയാം. തൃശൂർ പബ്ലിക് ലൈബ്രറിയിൽ ആണ് പെറ്റു കിടപ്പ്. എന്നാലും ക്ളാസ്സിലെ മറ്റ് ഹിന്ദുക്കളും, മുസ്ലീങ്ങളും ഒക്കെ ഭയങ്കര ഉത്സാഹപ്പെടുത്തൽ! തോമാസിനെയും, പാഞ്ചിയെയും ഒക്കെ ഉന്തി ഇറക്കി – സമരത്തിന്.

“ജിമ്മ്യേ, ഡാ, ചെല്ലടാ” എല്ലാവരും ആർത്തു വിളിച്ചു.

ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി. ഡാഷ് ജിത് ലാൽ. അവൻ ചിരിച്ചോണ്ട് ഇരിക്കയാണ്. നല്ല ലോക വിവരമുണ്ട്. എന്നോട് സമരത്തിന് പോകാൻ പറയുന്നില്ല! ഫ് ബിയിൽ ഉണ്ട്.

“എന്തിട്ടാ ചെയ്യേറാ?” ഞാൻ ആരാഞ്ഞു.

“നിനക്ക് വേറെ പണി ഇല്ല്യേ?” അവൻ ചിറി കോട്ടി. “ഇങ്ങനെ ആണെങ്കിൽ ഹിന്ദുക്കൾ എന്തോരം സമരം ചെയ്യണം. കഴിഞ്ഞ യൂത്ത് ഫെസ്റ്റിവലിന് രാമായണം തമാശയാക്കി വേലായുധൻ കഥാപ്രസംഗം ചെയ്തു പ്രൈസ് മേടിച്ചത് നീ ഓർക്കണില്യേ?”

ഞാൻ അവിടെ ഇരുന്നു. അങ്ങനെ പിൽക്കാലത്തു ചളിപ്പ് തോന്നിയേക്കാവുന്ന ഒരു ഓർമയിൽ നിന്ന് അവൻ കാരണം രക്ഷപ്പെട്ടു.

മതം സ്വകാര്യതയല്ല, ഉത്ഭവം ഗ്രൂപ്പിസത്തില്‍ നിന്ന്; പള്ളിയും എഎംഎംഎയും ചില സമൂഹ മന:ശാസ്ത്ര ചിന്തകളും

ഈ ആയിരത്തി അഞ്ഞൂറുകളിൽ ആണേ, ഈ പുസ്തകങ്ങൾ യൂറോപ്പിൽ ഇറങ്ങി തുടങ്ങിയത്. ആളോള് വായിക്കാനും തുടങ്ങി. 1559ൽ തന്നെ കത്തോലിക്കാ സഭ ഒരു കൗൺസിലിനെ വച്ച് – കൗൺസിൽ ഒരു ലിസ്റ്റും പുറത്ത് വിട്ടു:
ഇൻഡക്സ് ലൈബ്രോറം പ്രൊഹിബിറ്റോറം – ബാൻ ചെയ്ത പുസ്തോകങ്ങടെ ലിസ്റ്റ്. ആഹഹാ.

‘ആകാശ ഉണ്ടകളുടെ കറക്കം’ മ്മ്ടെ കോപ്പര്‍നിക്കസിന്റെ – ബാൻ ചെയ്തു. പുള്ളി ചത്തതിന് ശേഷം ആണ് പ്രസിദ്ധീകരിച്ചത്. അത് കാരണം അങ്ങേരെ ഒന്നും ചെയ്യാൻ പറ്റില്ലാ.

പിന്നെ മ്മ്ടെ ഗലീലിയോന്‍റെ – “ഡയലോഗ് ഓൺ ദി ഗ്രേറ്റ് വേർൾഡ് സിസ്റ്റംസ്” ബാനും ചെയ്തു, അങ്ങേരെ അകത്തും ഇട്ടു. ബെസ്ററ്. അതൊക്കെ പോട്ടെ. ഈ ലിസ്റ്റിൽ പല കാലങ്ങളിൽ ആയി കേറിയ പൊസ്തകങ്ങടെ പേരുകൾ ചിലത് കേട്ടോ –
വിക്ടർ ഹ്യൂഗോ വിന്റെ ലാ മിറാബിലെ – അത് തെന്നെ – ജീൻ വാല്‍ ജീൻ. അങ്ങേരുടെ എല്ലാ പുസ്തകങ്ങളും.
കൌണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ – അലക്സാണ്ടർ ഡ്യൂമാസിന്റെ.
ത്രീ മസ്കറ്റിയേര്‍സ് – ഡ്യൂമസിന്റെ ന്നെ.
ഹഞ്ച് ബാക്ക് ഓഫ് നോട്ടർ ഡാം – ഹ്യൂഗൊന്റെ ന്നെ.

ചുരുക്കം പറഞ്ഞാൽ, നുമ്മ സ്കൂളി പഠിക്കുമ്പോ ള്ള കൊറേ പുസ്തകങ്ങള് ഈ സഭ നിരോധിച്ചത് തന്നെ.

1966 വരെ ഈ ബുക്കുകൾ എല്ലാം ഈ ഇൻഡക്സിൽ ബാൻഡ് ആയി കിടന്നു.

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പോൾ ഏഴാമൻ മാർപാപ്പ ഈ സംഭവമേ ബാൻ ചെയ്തു! ഇൻഡക്സ് ലൈബ്രോരം പ്രൊഹിബിറ്റോറം അറബിക്കടലിൽ – സോറി അറ്റ്ലാന്റിക് ഓഷ്യനിൽ.

അതെന്താ കാരണം? ആ… അറിഞ്ഞൂടാ. പെട്ടന്ന് അങ്ങനെ തോന്നി. അത്രേയുള്ളു.

തമാശ അതല്ല – ഇപ്പൊ അമേരിക്ക പോലെ ഉള്ള സ്ഥലങ്ങളിൽ സ്കൂളുകളിൽ ബാൻ ചെയ്തിരിക്കുന്ന പുസ്തകങ്ങളിൽ ഒന്നാണ് – ഹോളി ബൈബിൾ! എന്റമ്മേ. പല മതങ്ങളിൽ ഉള്ള കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ഇതൊന്നും വേണ്ടാന്ന്!

ഇന്നാള് ‘ജീസസ് ക്രൈസ്റ്റിനെ പറ്റി ക്ളാസിൽ പറഞ്ഞതിന് (പഠിപ്പിക്കേണ്ടാത്ത ഇടത്ത് ) ഒരു ടീച്ചറെ പിരിച്ചു വിട്ടു!
അത് പിന്നെ ഇതൊക്കെ ഇങ്ങനെ പോകും. മുന്നോട്ട് നടക്കും, പിന്നെ പിന്നോട്ട്, പിന്നെ തമാശ തോന്നുന്ന അത്രേം മുന്നോട്ട്, പിന്നെ ഇത്തിരി പിന്നോട്ട്, അങ്ങനെ… അങ്ങനെ…

ചിലർ പിന്നോട്ട് മാത്രം നടക്കും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജാതി, മത പ്രധാന ജനാധിപത്യവും മാത്തന്റെ കഥയും

ജാതിയും വെളുപ്പും ഇൻഡ്യാക്കാരും; എന്തുകൊണ്ട് പോപ്പുലേഷൻ ജനറ്റിക്സ് നിരോധിക്കണം?

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

This post was last modified on July 29, 2018 4:12 pm