X

ജാതിക്കോളനികളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുന്ന കേരളം

കേരളത്തില്‍ ഈ അടുത്തകാലത്തായി നടക്കുന്ന അതിക്രമങ്ങളുടെ ഒരു വശം എന്ന് പറയുന്നത്, എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ഒക്കെ ശക്തമായിരുന്ന ദളിത് മൂവ്‌മെന്റുകളുടെ അഭാവമാണ്

തൃശൂര്‍ പാവറട്ടിയില്‍ നടന്ന വിനായകിന്റെ മരണം ഒരു കൊലപാതകമായിത്തന്നെയാണ് നാം എടുക്കേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട് ഒരു കാര്യം പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍, പബ്ലിക്കായ ഒരു സ്ഥലത്ത് അവനും സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നിടത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നത്. അറസ്റ്റ് ചെയ്തുകൊണ്ട് പോയതും അവരോട് സംസാരിച്ചതും സുഹൃത്ത് വെളിപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അയാളെ അടയാളപ്പെടുത്തിയത്: ഒന്ന്, വളരെ ഫ്രീക്കായ, മുടി നീട്ടിവളര്‍ത്തിയ ഒരു പയ്യന്‍, മറ്റൊന്ന്, ഒരു കോളനിക്കാരന്‍ എന്ന നിലയ്ക്കാണ്. കോളനിക്കാരനായ, മുടി നീട്ടി വളര്‍ത്തിയയാളെന്ന നിലയ്ക്കാണ് അയാള്‍ ഭേദ്യം ചെയ്യപ്പെടുകയും അതിഭീകരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ മുടി മുറിച്ചുമാറ്റുകയും ചെയ്യുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടാണ് വിനായകിന്റെ മുടി മുറിച്ചുമാറ്റിയത്. അതായത് വളരെ പ്രത്യക്ഷത്തില്‍ തന്നെ ഇത് ഒരു കാസ്റ്റ് ഒപ്രഷനായാണ് ഞാന്‍ അതിനെ മനസ്സിലാക്കുന്നത്. പുതിയ രൂപഭാവങ്ങളോടുള്ള അസഹിഷ്ണുത എന്നതിനപ്പുറം ജാതിയാണ് വളരെ പ്രത്യക്ഷമായി അതിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരു കാര്യം. ജാതീയമായ അതിക്രമങ്ങള്‍ വളരെ വ്യാപകമായി, ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിദമായ ഒരന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. അതിലേറ്റവും അവസാനത്തെ ഇരയാണ് വിനായക്.

പല സ്ഥലങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, ഏറ്റവും പുതിയ തലമുറയിലേക്ക്, ഏറ്റവും പുതിയ ജീവിത സാഹചര്യത്തില്‍ ജീവിക്കുന്ന തലമുറയില്‍പ്പെട്ട ദളിത് വിഭാഗത്തിലെ ചെറുപ്പക്കാരിലേക്കും ഭീതി കടത്തിവിടുന്ന ഒരു പണിയാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ്. ഭീതി വിതയ്ക്കുക എന്നതാണ് കൃത്യമായി നടക്കുന്ന കാര്യം. പുതിയ സാഹചര്യങ്ങളിലേക്ക് അവര്‍ വരേണ്ടതില്ല എന്ന കര്‍ശനമായ സംഗതിയാണ് മുന്നോട്ട് വയ്ക്കുന്നത്. മാത്രവുമല്ല ഏത് പുതിയ സാഹചര്യങ്ങളില്‍ വന്നാലും, അവരെ ജാതീയമായി അടയാളപ്പെടുത്തുകയും അക്രമം കാണിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ പുറത്തുവന്ന കാര്യം. അതുകൊണ്ട് കേരളം മാറിയിട്ടുണ്ട് എന്ന വാദം ഇത്തരം സംഭവങ്ങളിലൂടെ വീണ്ടും വീണ്ടും പൊളിച്ചെഴുതുകയാണ് ചെയ്യുന്നത്.

നാമറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, ഈ സംഭവം ഉണ്ടായതിന് ശേഷം വ്യാപകമായ ഒരു പ്രതിഷേധമോ, സിവില്‍ സമൂഹത്തില്‍ നിന്നോ രാഷ്ട്രീയ സമൂഹത്തില്‍ നിന്നോ കാര്യമായ പ്രതികരണങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല എന്നത് കൂടിയാണ്. രണ്ട് പോലീസുകാരെ സസ്പന്‍ഡ് ചെയ്തതിനപ്പുറത്തേക്കുള്ള ഒരു നടപടിയ്ക്ക് അവര്‍ തയ്യാറുമല്ല. ഭരണാധികാരികളായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇത്തരം ജാതീയ അതിക്രമങ്ങളെ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്‌.

തൊട്ടുമുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട ഗോവിന്ദാപുരം സംഭവത്തെ, അത് ഒരു മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ് തര്‍ക്കമായി വായിക്കാനാണ് ഇവര്‍ക്ക് താത്പര്യം. ദളിതര്‍ കേരളീയ സമൂഹത്തിനകത്ത് എങ്ങനെയാണ് ട്രീറ്റ് ചെയ്യപ്പെടുന്നത് എന്ന ഭൗതികമായ ചില അടിസ്ഥാനങ്ങളുണ്ട്. ഇന്ന് കേരളത്തില്‍ ജാതീയപരമായ അതിക്രമങ്ങളുടെ പ്രധാനപ്പെട്ട കേന്ദ്രമായി മാറിയിരിക്കുന്നത് ജാതിക്കോളനികളാണ്. അവിടെ ജീവിക്കുന്ന മനുഷ്യരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അതിക്രമത്തിന് വിധേയരാവുന്നത്. ജിഷയായാലും ഗോവിന്ദാപുരമായാലും വിനായക് ആയാലും നമ്മള്‍ കണ്ടുവരുന്ന കാര്യമതാണ്.

കഴിഞ്ഞ ഒരു അറുപത് വര്‍ഷത്തെ വികസനത്തിന്റെ ഭാഗമായി കോളനികളിലേക്കും പുറമ്പോക്കിലേക്കും ഈ ജനതയെ തൂത്ത് മാറ്റുകയും, ജാതീയ അതിക്രമങ്ങളുടെ വലിയ കേന്ദ്രമായി അത് പരിവര്‍ത്തനപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ കേരളീയ സമൂഹം കാണിക്കേണ്ട പ്രാഥമികമായ ജനാധിപത്യ മര്യാദയെന്നു പറയുന്നത്, കേവലമായ പ്രതിഷേധങ്ങള്‍ക്കപ്പുറം ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നതിന്റെ ഭൗതികമായ സാഹചര്യം എന്തെന്ന് മനസ്സിലാക്കുക എന്നതാണ്. ജാതിക്കോളനികളാണ് ഇതിന്റെ പ്രധാന കേന്ദ്രം എന്നതുകൊണ്ട് ജാതിക്കോളനികള്‍ കേരളത്തില്‍ അവസാനിപ്പിക്കുക എന്ന വളരെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിത്.

Also Read: “സഹിക്കാന്‍ പറ്റുന്നില്ല മോനെ, പരാതി പറയാന്‍ ഉള്ളത് പോലീസാണ്, അവരാണ് ഇത് ചെയ്തത്…

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ഗോവിന്ദാപുരം സംഭവം ഉണ്ടായപ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അവിടെ ചെല്ലുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ടാപ്പില്‍ നിന്ന് വെള്ളമെടുപ്പിക്കുന്നില്ല എന്ന കാര്യമാണ് അവരെല്ലാം പ്രധാനമായി പറഞ്ഞത്. മാധ്യമങ്ങളും അതാണ് ചര്‍ച്ച ചെയ്തത്. ടാപ്പില്‍ നിന്ന് വെള്ളമെടുപ്പിക്കായ്ക എന്നു പറഞ്ഞാല്‍ ഇതിന്റെ ഒരു പ്രതിഫലനം മാത്രമാണ്. യഥാര്‍ഥ പ്രശ്‌നം അതല്ല. വളരെ ദുര്‍ബലമായ ഒരു ജനസമുദായം, ചക്ലിയ സമുദായം അവിടെ ജീവിക്കുന്നു. അവിടുത്തെ പൊതുസമൂഹം മാത്രമല്ല ഭരണാധികാരികളും സര്‍ക്കാര്‍ സംവിധാനവും ഒരു നിമിഷത്തില്‍ പോലും അവര്‍ക്കനുകൂലമായ തീരുമാനമെടുക്കാത്ത സ്ഥിതി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്കനുകൂലമായ തീരുമാനമെടുക്കാത്ത സ്ഥിതി. അങ്ങനെ കേരളീയ സമൂഹത്തിനകത്ത് തികച്ചും അനാഥമാക്കപ്പെട്ട ഒരു ജനസമൂഹത്തോടാണ് ഈ അതിക്രമം കാണിക്കുന്നത് എന്നാണ് നാം തിരിച്ചറിയേണ്ടത്. പൈപ്പിനകത്തുനിന്ന് വെള്ളമെടുത്തുകൊടുത്താല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. അതുകൊണ്ട് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനപരമായ കാര്യം എന്ന് പറയുന്നത് കോളനി നിവാസികളായിട്ടുള്ള വിഭാഗങ്ങളോട് ഒരു ജനാധിപത്യ സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മകമായ സമീപനമാണ് തിരുത്തപ്പെടേണ്ടത് എന്നതാണ്.

ഗോവിന്ദപുരത്തു നിന്ന് വന്ന ഒരു വാര്‍ത്ത എന്ന് പറയുന്നത്, അവിടുത്തെ ഒരു കുടുംബം വീടിനായി അപേക്ഷ നല്‍കാന്‍ ചെന്നപ്പോള്‍ നിങ്ങള്‍ക്ക് വീട് അനുവദിച്ചാല്‍ എന്റെ കസേര തെറിക്കും എന്ന് ഒരു ഓഫീസര്‍ പറഞ്ഞു എന്നതാണ്. ഇത് ഞാന്‍ ഒരു ഉദാഹരണമായി പറയുന്ന കാര്യമാണ്. ഇതാണ് അവിടുത്തെ ട്രീറ്റ്‌മെന്റിന്റെ ഒരു രൂപം. ഈ ജനവിഭാഗത്തിനെതിരെ വളരെ വലിയ ഗൂഢാലോചനയും സമ്മര്‍ദ്ദവും അതിക്രമവും നിരന്തരമായി അവിടെ നടന്നുവരുന്നു എന്നാണ് നാം കാണേണ്ടത്.

വിനായകിന്റെ കേസ് എടുത്താല്‍, അവിടെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്, അതിലെ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നു എന്നതാണ് ഇവര്‍ എപ്പോഴും പറയുന്ന കാര്യം. സംശയിക്കാനുള്ള എന്ത് സാഹചര്യമാണുള്ളത്, എന്ത് വസ്തുനിഷ്ഠമായ കാര്യമാണുള്ളത് എന്ന ഒരു ചോദ്യം പോലും കേരളം ചോദിക്കുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ ദിവസം ഞാന്‍ വൈക്കം പട്ടണത്തില്‍ നില്‍ക്കുമ്പോള്‍, ബൈക്കില്‍ വന്ന മുടി നീട്ടി വളര്‍ത്തിയ രണ്ട് ചെറുപ്പക്കാരെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയാണ്. ഞാന്‍ ആ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഇത്തരത്തിലുള്ള മുഴുവന്‍ മനുഷ്യരേയും പരിശോധിക്കാനുള്ള ഏതോ അജ്ഞാതമായ ഉത്തരവ് ഉണ്ടെന്നാണ് അയാള്‍ പറഞ്ഞത്. എത്രത്തോളം ഭീതിദമാണ് കേരളത്തിലെ സ്ഥിതിയെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ആ കുട്ടികള്‍ ആ പ്രദേശത്തുള്ളവരായതിനാല്‍, ഒരു പക്ഷെ അവിടെ ആളുകള്‍ കൂടിയതുകൊണ്ടാവും പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലാതിരുന്നത് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. മലയാളി സമൂഹത്തിന്റെ കാപട്യം പുറത്തുവരുന്ന സംഗതികൂടിയാണിത്.

പുതിയ രീതിയില്‍ വേഷവിധാനങ്ങളോടെ ജീവിക്കുന്നവരെല്ലാം കുറ്റവാളികളും കുഴപ്പക്കാരുമാണെന്നും, കറുത്ത ശരീരങ്ങള്‍ അക്രമിക്കപ്പെടേണ്ടവരാണെന്നും തോന്നുന്ന ജാതീയമായ, വംശീയമായ ഒരു മനോഭാവം കേരളത്തില്‍ ശക്തമാണ്. അതുകൊണ്ട് വിനായകിനെ അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെക്കണം എന്നത് വളരെ കൃത്യമായ നിലപാടായിരിക്കെ തന്നെ കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യുന്നു എന്നതാണ് നമ്മള്‍ ചോദ്യം ചെയ്യേണ്ട കാര്യം. പോലീസുകാര്‍ക്കെതിരെ നടപടി വേണം. അവരെ സസ്പന്‍ഡ് ചെയ്താല്‍ പോര. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കൊലക്കുറ്റത്തിന് കേസെടുക്കണം. നിയമപരമായി സര്‍ക്കാര്‍ ചെയ്യേണ്ട സാമാന്യമായ ഒരു കാര്യമതാണ്. കോളനി നിവാസികളോടുള്ള സ്‌റ്റേറ്റിന്റെ, പൊതുസമൂഹത്തിന്റെ മനോഭാവം മാറട്ടെ എന്ന യാചനകള്‍ക്കപ്പുറം ജനാധിപത്യ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം ചെയ്യേണ്ടത്.

പുതിയ കോലങ്ങളോടുള്ള അസഹിഷ്ണുതയായി മാത്രം ഇതിനെ വായിക്കാനുള്ള ഒരു പ്രവണത പലപ്പോഴും കണ്ടുവരുന്നുണ്ട്. അതുമാത്രമല്ല അതിന്റെ കാര്യം. അതിന്റെ അണ്ടര്‍ കറണ്ടായി നില്‍ക്കുന്നത് ജാതിവിവേചനമാണ്, കോളനി നിവാസികളോടുള്ള പകയും അവഗണനയുമാണ് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഉറപ്പിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിനായകിന്റെ അതിദാരുണമായ മരണം പോലുള്ള സംഭവങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയണമെങ്കില്‍ അടിസ്ഥാനപരമായി ഇവരുടെ ജീവിത സാഹചര്യങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ ഒരു പുതിയ സമീപനമെടുക്കണമെന്നാണ് കേരളം ഒന്നടങ്കം ആവശ്യപ്പെടേണ്ട ഒരു കാര്യം. പതിറ്റാണ്ടുകളായി നൂറുകണക്കിന് കുടുംബങ്ങള്‍ കോളനികളില്‍ ജീവിക്കുക, കോളനികള്‍ക്ക് തൊട്ട് പുറത്തുള്ളവര്‍ പോലും അവരെ ശത്രുക്കളായി കാണുക, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രം അവരാണെന്ന് വരുത്തുക, ഇതാണ് ഒരു പൊതു സമീപനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പുറത്തുവന്ന വലിയ അഴിമതികള്‍, വലിയ കുറ്റകൃത്യങ്ങള്‍, കൊള്ളകള്‍, ഇതിലൊന്നും തന്നെ ഒറ്റ ദളിതന്‍ പോലും പ്രതിയല്ല എന്നതാണ് നമ്മള്‍ അറിയേണ്ട ഒരു കാര്യം.

എന്നിട്ടും സംശയിക്കപ്പെടുന്നത് ദളിതരാണ്. ഇത് സമൂഹത്തിന്റെ ഒരു മനോഭാവമാണ്. ജാതീയമായ മനോഭാവമാണ്. അതുകൊണ്ട് ഈ ജാതിക്കോളനികള്‍ അവസാനിപ്പിക്കുക എന്ന വിശാലമായ ഒരു ബോധ്യത്തിലേക്ക് കേരളീയ സമൂഹം അടുക്കുമ്പോള്‍ മാത്രമേ, അതിന് പരിശ്രമിക്കുമ്പോള്‍ മാത്രമേ, അതിനായി സര്‍ക്കാരിന്റെ പോളിസിയില്‍ മാറ്റം വരുത്തുമ്പോള്‍ മാത്രമേ ഇത്തരം അതിക്രമങ്ങള്‍ ഫലപ്രദമായി തടഞ്ഞുനിര്‍ത്താനാവൂ. ഗോവിന്ദാപുരത്ത് ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ സമൂഹത്തിന്റെ നാലുപാട് നിന്നും ആളുകള്‍ വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരിച്ചു പോവുന്നു. അവര്‍ തിരിച്ച് പോയിക്കഴിയുമ്പോള്‍ അന്ന് രാത്രി തന്നെ പോലീസ് അവിടെയെത്തി വലിയ അതിക്രമം കാണിക്കുകയാണ്. അങ്ങനെ വന്നുപോയി പരിഹരിക്കാവുന്ന തരത്തില്‍ നീതിയും ന്യായവുമുള്ള സ്ഥലമല്ല കേരളം. ഗോവിന്ദാപുരം എന്നത് കേരളത്തില്‍ എമ്പാടുമുള്ള സ്ഥലമാണ്. അല്ലാതെ പാലക്കാട് മാത്രമുള്ള സ്ഥലമല്ല. എല്ലാ സ്ഥലത്തും ഗോവിന്ദാപുരമുണ്ട്. ഇതാണ് കേരളസമൂഹം മനസ്സിലാക്കേണ്ട കാര്യം. അതുകൊണ്ട് കേരളത്തിലെ ദളിത് സമുദായം ഇക്കാര്യത്തില്‍ ഉറച്ച ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. ജാതിക്കോളനികളെ അവസാനിപ്പിക്കുക എന്ന മര്‍മ്മ പ്രധാനമായ ഒരു കേന്ദ്ര മുദ്രാവാക്യത്തെ, കേവലമായ പ്രതിഷേധങ്ങള്‍ക്കപ്പുറം മുറുകെപ്പിടിക്കേണ്ടതുണ്ട്.

Also Read: നമ്മക്കൊന്നും ജാതിയേ ഇല്ല; പുരോഗമന കേരളം ഇടിച്ചു കൊന്നു കളഞ്ഞ വിനായകിനെക്കുറിച്ചു തന്നെ

വിനായകിന്റെ സംഭവത്തില്‍ തന്നെ വലതും ചെറുതുമായ പ്രതിഷേധങ്ങള്‍ തൃശൂരില്‍ നടക്കുന്നുണ്ട്. പ്രതിഷേധിക്കുകയും, പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്യുന്നതിനപ്പുറത്തേക്ക്, എന്തുകൊണ്ടാണ് ഇത് ആവര്‍ത്തിക്കുന്നത് എന്ന ഒരു ചോദ്യം ഉന്നയിക്കാതിരിക്കുകയും, ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. നമുക്ക് ഇതിന് പരിഹാരമാണ് വേണ്ടത്. കോളനികള്‍ തന്നെയാണ്, കോളനികളിലെ ജീവിതം തന്നെയാണ് ഇത്തരം ഇരകളെ നിരന്തരം സൃഷ്ടിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് അത്തരമൊരു ആവശ്യത്തിലേക്ക് കേരളം ഇനി വരേണ്ടതുണ്ട്.

സര്‍ക്കാരാണെങ്കില്‍, ജനാധിപത്യ സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഇപ്പോള്‍ പുതിയ കോളനികള്‍ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ്. മൂന്ന് സെന്റ് നല്‍കി പുതിയ കോളനികള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പതിനായിരക്കണക്കിന് ഭൂരഹിതരുള്ള കേരളത്തില്‍, ഉള്ള ഭൂമി എടുത്ത് വിമാനത്താവളം പോലുള്ള പദ്ധതികള്‍ക്ക് നല്‍കുന്ന ഏകപക്ഷീയമായ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പത്ത് ഏക്കര്‍ ഭൂമി പോലും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാത്ത സര്‍ക്കാരാണ് മുവ്വായിരത്തിയഞ്ഞൂറ് ഏക്കര്‍ ഏറ്റെടുത്ത് വിമാനത്താവളം പണിയാന്‍ പോവുന്നത് എന്നതുകൂടി നമ്മള്‍ കാണണം. വിമാനത്താവളം കേരളത്തില്‍ വേണ്ടെന്ന അഭിപ്രായം ഇല്ല. പറയുന്നത്, കേരളത്തിന്റെ ആവശ്യം, അതിന്റെ മുന്‍ഗണന മനസ്സിലാക്കാനുള്ള ജനാധിപത്യ ബോധ്യം കേരളം ഭരിക്കുന്നവര്‍ക്ക് വേണം.

വിനായകിന്റെ മരണം പോലെ ദാരുണമായ അതിക്രമമുണ്ടായിട്ട് കേരളത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തന്നെ ആ വിഷയത്തില്‍ ഇടപെട്ടില്ല എന്ന് പറയുന്നത് പേടിപ്പെടുത്തുന്ന സാഹചര്യമാണ്. വടക്കേ ഇന്ത്യയില്‍ ജാതി സമൂഹങ്ങള്‍ എന്താണോ ചെയ്യുന്നത്, അത് തന്നെയാണ് കേരളത്തിലെ ഭരണവര്‍ഗ പാര്‍ട്ടികളും ഭരണസംവിധാനവും ചെയ്യുന്നത്. അതില്‍ വ്യത്യാസമൊന്നുമില്ല. അത് തിരുത്താന്‍ കഴിയണമെങ്കില്‍, ഈ പറഞ്ഞ അതിക്രമങ്ങളുടെ അടിസ്ഥാനപരമായ സാഹചര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കി അത് പരിഹരിക്കാനുള്ള രാഷ്ട്രീയ നിര്‍ദ്ദേശങ്ങളിലേക്കാണ് ഇനി നമ്മള്‍ മാറേണ്ടത്.

കേരളത്തില്‍ ഈ അടുത്തകാലത്തായി നടക്കുന്ന അതിക്രമങ്ങളുടെ ഒരു വശം എന്ന് പറയുന്നത്, എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ഒക്കെ ശക്തമായിരുന്ന ദളിത് മൂവ്‌മെന്റുകളുടെ അഭാവമാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ മനസ്സിലാക്കണം. അതിന്റെ അഭാവമാണ് സമൂഹത്തിന് ഇത്തരത്തില്‍ ഒരു ധൈര്യം നല്‍കുന്നത്. ഗോവിന്ദാപുരത്തോ, അല്ലെങ്കില്‍ തൃശൂരില്‍ പോലീസുകാര്‍ക്കോ ഒക്കെ കിട്ടുന്ന ധൈര്യത്തിന്റെ ഉറവിടം ഇതിനെ പ്രതിരോധിക്കാന്‍ ഇവിടെയൊരു മൂവ്‌മെന്റ് ഇല്ല എന്നതുതന്നെയാണ്. ഈ വിഭാഗം സംഘടിതമല്ല, പ്രതിരോധിക്കില്ല എന്ന ബോധ്യമുണ്ട്.

കേരളത്തില്‍ അടുത്തകാലത്തായി നടക്കുന്ന ചില ചര്‍ച്ചകളില്‍ ജാത്യാതീത സമൂഹമായി കേരളം മാറിയിട്ടുണ്ടെന്ന വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നുണ്ട്. ജാതിക്കതീതമായ എന്തോ സമൂഹമായി കേരളം മാറിയിട്ടുണ്ടെന്ന വിഡ്ഢിത്തരങ്ങള്‍ പറയുന്ന ആളുകളുള്ള സ്ഥലമാണ് കേരളം. പോസ്റ്റ് കാസ്റ്റ് അഥവാ കാസ്റ്റ് അനന്തരം എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഒരു കാസ്റ്റ് അനന്തരവുമില്ല, ജാതിയാണ് വാഴുന്നത് എന്നതിന്റെ തെളിവുകളാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങളെല്ലാം. ബുദ്ധിജീവികളൊക്കെ ഇതിന് ഉത്തരം പറയേണ്ടി വരും. ജനം വ്യാപകമായി ആക്രമിക്കപ്പെടുകയും ജാതിയുടെ പേരില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു സ്ഥലത്തിരുന്ന് പോസ്റ്റ് കാസ്റ്റ് കേരളം പിറന്നിരിക്കുന്നു എന്ന് പറയുന്നവര്‍ എത്ര വിഡ്ഢിത്തപൂര്‍ണമായ ലോകത്താണ് ജീവിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണിത്.

കേരളത്തിലെ 55 ശതമാനം ദളിതരും കോളനികളിലാണ് ജീവിക്കുന്നത് എന്ന ഒരു യാഥാര്‍ഥ്യബോധം നമുക്കുണ്ടാവണം. അവര്‍ക്ക് ജീവിക്കാനുള്ള നിവൃത്തിയില്ല, വീടില്ല, വരുമാനമില്ല അങ്ങനെ കുറേയെറെ പ്രതിസന്ധികളിലൂടെയാണ് ഈ മനുഷ്യര്‍ കടന്നു പോവുന്നത്. ആ നിരാലംബതയ്ക്ക് മേലാണ് ഈ പോലീസുകാരന്റെ ധാര്‍ഷ്ട്യം വന്നുവീഴുന്നതെന്ന് കൂടി കാണണം. അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ വളരെ സംഘടിതമായ നീക്കം നടത്തണം. അതോടൊപ്പം തന്നെ ശാശ്വതമായ പരിഹാരം ജനാധിപത്യ സര്‍ക്കാരിന്റെ മുന്നില്‍ വയ്ക്കാന്‍ പറ്റണം. ഞാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു പരിഹാരം ജാതിക്കോളനികള്‍ക്ക് ആത്യന്തികമായി അറുതിവരുത്താനുള്ള ഒരു പ്രസ്ഥാനം കേരളത്തിലുണ്ടാവണം എന്നതാണ്. അതായിരിക്കണം ബഹുജന ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം. അത്തരമൊരുമുന്നേറ്റത്തിനേ ഇത്തരം അതിക്രമങ്ങളെ ആത്യന്തികമായി തടഞ്ഞുനിര്‍ത്താന്‍ കഴിയൂ. ദളിത് പ്രസ്ഥാനങ്ങളുടെ സംഘടിത നീക്കവും അതിനൊപ്പം തന്നെയുണ്ടാവേണ്ടതുണ്ട്.

(തയാറാക്കിയത്: കെ.ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:

This post was last modified on July 27, 2017 5:55 pm