X

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു കുട്ടിയടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

വിവേചനരഹിതമായി പാകിസ്താന്‍ തടരുന്ന ഷെല്ലാക്രമണവും വെടിവയ്പ്പും അതിര്‍ത്തിയിലെ അന്തരീക്ഷം കലുഷിതമാക്കുന്നു. പൂഞ്ച് ജില്ലയില്‍ തുടരുന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് അറിയുന്നത്. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്നലെ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാലു പ്രദേശവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. ബാല്‍കോട്, മാന്‍ഡി സെക്ടറുകളിലേക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് യതൊരു വിവേചനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഒരു കാറില്‍ വന്നുപതിച്ച ഷെല്ലാണ് നാട്ടുകാരായ നാലുപേരുടെ ജിവനെടുത്തത്. പൂഞ്ചിലെ മെന്താര്‍ സെക്ടറിലായിരുന്നു സംഭവം. ഈ ആക്രമണം നടന്ന് മിനിട്ടുകള്‍ക്കം തന്നെ പാകിസ്താന്റെ ഭാഗത്തു നിന്നു രണ്ടാമത്തെ ഷെല്ലാക്രമണം ഉണ്ടായതായും ഈ ആക്രമണത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റതായും നാട്ടുകാര്‍ പറയുന്നു. ഷെല്ലാക്രമണത്തില്‍ പരിക്കു പറ്റിയിരുന്ന പത്തുവയസുകാരനായ ഒരു കുട്ടി ഇന്നു രാവിലെ മരണമടയുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പാകിസ്താന്‍ സാധാരണക്കാരായ ജനങ്ങളെയാണ് ആക്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. പൂഞ്ചിലെ നിയന്ത്രണരേഖയ്ക്കടുത്തായി ജനങ്ങള്‍ വസിക്കുന്ന മെന്താര്‍, സൗജിയാന്‍, മാന്‍ഡി സെക്ടറുകളിലേക്ക് ശനിയാഴ്ച്ച രാവിലെ മുതല്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്.

 

This post was last modified on December 27, 2016 3:18 pm