X

പാനമ പേപ്പര്‍ കേസ്: നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പാക് സുപ്രീം കോടതി

അന്വേഷണം പതിനാറ് ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം

പാനമ പേപ്പര്‍ കേസില്‍ സംയുക്ത അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് സുപ്രിംകോടതിയുടെ അഞ്ചംഗ ബഞ്ച് ഉത്തരവിട്ടു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കോടതി ഉത്തരവ് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കനത്ത തിരിച്ചടിയാണ്.

അന്വേഷണം പതിനാറ് ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നവാസ് ഷെരീഫിന്റെ മക്കളായ മരിയം, ഹസന്‍, ഹുസൈന്‍ എട്ട് വിദേശ അക്കൗണ്ടുകളിലായി ഷെരീഫിന്റെ മക്കള്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ജനുവരി നാലിനാണ് ഷെരീഫിന്റെ കുടുംബത്തിനെതിരെയുള്ള നിയമനടപടികള്‍ ആരംഭിച്ചത്. ലണ്ടനില്‍ പ്രധാനപ്പെട്ട നാലിടങ്ങളില്‍ സ്ഥലം വാങ്ങാന്‍ ഈ അക്കൗണ്ടുകളിലെ പണം ഉപയോഗിച്ചു. നിയമ സ്ഥാപനമായ മൊസാക്ക് ഫൊന്‍സെകെയുടെ രേഖകള്‍ ചോര്‍ന്നതോടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്.

വിധിയ്ക്ക് മുന്നോടിയായി രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമാബാദില്‍ 1500ലേറെ സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. വിധിയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച തെഹ്‌രിക്-ഇ-ഇന്‍സാഫ് നേതാവ് ഷാ മെഹമൂദ് ഖുറേഷി കോടതി വിധി രാജ്യത്തെ സഹായിക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 57 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കോടതി വിധി പുറത്തുവരുന്നത്. ചരിത്രപരമായ വിധിയാണ് കോടതിയുടേതെന്ന് പരാതിക്കാരില്‍ ഒരാളായ അവാമി മുസ്ലിം ലീഗ് തലവന്‍ ഷെയ്ഖ് റഷിദ് അഹമ്മദ് പറഞ്ഞു.

This post was last modified on April 20, 2017 4:44 pm