X

പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മഹമൂദ് വെടിയേറ്റ് മരിച്ചു

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മഹമൂദ് വെടിയേറ്റു മരിച്ചു. കറാച്ചിക്കടുത്ത് ബലൂചിസ്ഥാനില്‍ ‘കാണാതായ ആളുകളു’മായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് 40 കാരിയായ സബീന് വെടിയേറ്റത്. T2F (ദി സെക്കന്‍ഡ് ഫ്ലോര്‍) എന്ന ആര്‍ട്ട് കഫേയുടെ ഡയറക്ടാരാണ് സബീന്‍ മഹമ്മുദ്. 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രമായിരുന്നു ഈ കഫെ.

T2F  സംഘടിപ്പിച്ച ‘അണ്‍സൈലന്‍സിംഗ് ബലൂചിസ്ഥാന്‍’ എന്ന സംവാദ പരിപാടിയില്‍ പങ്കെടുത്ത് അമ്മയോടൊപ്പം കാറില്‍ മടങ്ങവേയാണ് നാലു തവണ സബീന് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ നാഷണല്‍ മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ചെങ്കിലും അവര്‍ മരണപ്പെടുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ സബീന്‍ മഹമ്മൂദിന്റെ അമ്മ ചികിത്സയിലാണ്.

ബലൂചിസ്ഥാനില്‍ നിന്നു തട്ടിക്കൊണ്ടു പോകപ്പെടുകയും പിന്നീട് കൊല്ലപ്പെട്ടതായി കണ്ടത്തപ്പെടുകയും ചെയ്യുന്ന വിഷയം ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സബീന്‍ മഹമ്മൂദ്, മാമാ ഖാദിര്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഇവര്‍ നേതൃത്വം നല്‍കുന്ന ‘ദി വോയിസ് ഓഫ് ബലൂചിസ്ഥാന്‍ മിസ്സിംഗ് പേഴ്സണ്‍’ എന്ന സംഘടന നല്‍കുന്ന കണക്ക് പ്രകാരം 2825 പേര്‍ ബലൂചിസ്ഥാനില്‍ നിന്ന്‍ അപ്രത്യക്ഷരായിട്ടുണ്ട്.    

This post was last modified on December 27, 2016 2:57 pm