X

പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ അയിത്തം; പാചകക്കാരിയെ സസ്പെന്‍ഡ് ചെയ്തു

അഴിമുഖം പ്രതിനിധി

പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ജാതി വിവേചനം. ജാതി പറഞ്ഞ് ആക്ഷേപിക്കുകയും അയിത്തം കല്‍പിച്ച് വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. കുട്ടികള്‍ പലയിടത്തും പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല.

പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് അയിത്തം. 39 പെണ്‍കുട്ടികളാണ് ഇവിടെയുള്ളത്. ഹോസ്റ്റലിലെ ജീവനക്കാരി മാലതിക്കെതിരെയാണ് പരാതി. കുട്ടികള്‍ കഴിക്കുന്നതിനു മുന്‍പ് ഭക്ഷണം ഇവര്‍ക്ക് നല്‍കണം. പട്ടിക ജാതിയില്‍പ്പെട്ട കുട്ടികള്‍ തൊട്ട ഒന്നും തൊടില്ലെന്നും കുട്ടികള്‍ നടന്ന വഴിയിലൂടെ അറപ്പോടെ മാത്രമേ ഇവര്‍ നടക്കൂ എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട്  സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്‍ പ്രതികരിക്കുന്നു.

ഇത് ആദ്യ സംഭവമല്ല, ഇതേ ഹോസ്റ്റലില്‍ ഇതിന് മുന്‍പ് കുട്ടികള്‍ക്ക് സോപ്പ് പൊടി ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയിട്ടുണ്ട്. അന്ന് ഒരുപാട് കുട്ടികള്‍  ആശുപത്രിയിലാകുകയും ചെയ്തു. കുട്ടികളെ ഉപദ്രവിക്കുക ഇവരുടെ സ്ഥിരം പതിവാണ്. പാല്‍ കവറില്‍ കുട്ടികള്‍ ആരെങ്കിലും തൊട്ടുപോയാല്‍ പിന്നീട് അവര്‍ ആ പാല് ഉപയോഗിക്കുകയില്ല. ആഹാരം ഉണ്ടാക്കി കഴിഞ്ഞാല്‍ ആദ്യം അവര്‍ കഴിക്കും, അതുകഴിഞാലെ കുട്ടികള്‍ക്ക് നല്‍കുകയുള്ളൂ. മാലതി എന്ന ഉദ്യോഗസ്ഥയ്ക്കാണ് പ്രശ്നം. അവര്‍ നടക്കുന്ന വഴിയില്‍ കുട്ടികള്‍ നടക്കാന്‍ പാടില്ലത്രേ.

ഇങ്ങനെ സ്ഥിരം പ്രശ്നങ്ങളായപ്പോഴാണ് കുട്ടികള്‍ പരാതി നല്‍കിയത്. നിരവധി പരാതികള്‍ ആദ്യം നല്‍കിയിരുന്നു. അതിലൊന്നും ഒരു തീരുമാനവും ഉണ്ടായില്ല. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് പട്ടികജാതി വികസന  വകുപ്പിന് പരാതി നല്‍കി. എന്നിട്ടും നടപടി ഉണ്ടായില്ല. ഒടുവില്‍ ഇന്ന് മാലതിയെ സസ്പെന്‍റ്  ചെയ്തുകൊണ്ടുള്ള ഉത്തരവ് ജില്ലാ പട്ടികജാതി ഓഫീസര്‍  ഇറക്കിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ  രഘുനാഥ് എന്ന പട്ടിക ജാതി ഓഫീസര്‍ ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് ഞങ്ങളുടെ ആവശ്യം.   ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവന്‍ പട്ടിക ജാതി ഡയറക്റ്ററേറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചത്.

This post was last modified on December 27, 2016 4:31 pm