X

കൊച്ചിയില്‍ മല്‍സ്യബന്ധന ബോട്ടില്‍ പനാമാ കപ്പലിടിച്ചുണ്ടായ അപകടം: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി

കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. പരിക്കേറ്റ പതിനൊന്ന് മത്യത്തൊഴിലാളികളെ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു. കുളച്ചില്‍ സ്വദേശി തമ്പി ദുരൈ, അസം സ്വദേശി രാഹുല്‍, മോദി എന്നിവരാണ് മരിച്ചത്.

ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പനാമയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ആംബര്‍ ആണ് അപകടമുണ്ടാക്കിയത്. ഈ കപ്പല്‍ കൊച്ചിയില്‍ നിന്നും എട്ടു നോട്ടിക്കൈല്‍മൈല്‍ ദൂരം മാത്രമാണ് പോയത് എന്നാണ് വിവരം. നാവികസേനയും തീരസംരക്ഷണസേനയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ കപ്പല്‍ എവിടേക്ക് പോവുകയാണെന്ന കാര്യം വ്യക്തമല്ല. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.

പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെ അപകടമുണ്ടാത്. രണ്ടു ദിവസം മുന്‍പ് മല്‍സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പലുകള്‍ കടന്നു പോകുന്ന വഴിയില്‍ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ മറ്റൊരു മത്സ്യബന്ധന ബോട്ടും ഇവര്‍ക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ 11 പേരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും വ്യക്തമാക്കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെയായിരിക്കും കപ്പല്‍ അറസ്റ്റ് ചെയ്യുക. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം ക്യാപ്റ്റനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ എടുത്തുചാടി നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.