അഴിമുഖം പ്രതിനിധി
പാനമ രേഖകള്‍ എന്ന പേരില്‍ പുറത്തുവന്ന വിവരങ്ങള്‍ ഹാക്ക് ചെയ്ത് എടുത്തതാണ് എന്ന് മൊസ്സാക് ഫോന്‍സെക അധികൃതര്‍. അതീവ രഹസ്യമായി പാനമയിലെ നിയമ സ്ഥാപനമായ മൊസ്സാക് ഫോന്‍സെകയില്‍ സൂക്ഷിച്ചിരുന്ന ധനകാര്യ രേഖകള്‍ രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. ഇതേതുടര്‍ന്ന് കമ്പനി അധികൃതര്‍ പാനമ അറ്റോര്‍ണി ജനറല്‍ ഓഫീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ പങ്കാളിയായ രമണ്‍ ഫോന്‍സെകയാണ് ഹാക്കിങ് വാദവുമായി രംഗത്തെത്തിയത്.
11 മില്ല്യണ്‍ രേഖകളാണ് കമ്പനിയില്‍ നിന്നും ചോര്‍ന്നിരുന്നത്. ധനികരും അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരും നടത്തിയ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവന്നത്. ഈ തട്ടിപ്പുകളെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കമ്പനിക്കുള്ളില്‍ നിന്നുള്ളവരാണ് രേഖകള്‍ ചോര്‍ത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ഇമെയില്‍ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കഴിഞ്ഞയാഴ്ച കമ്പനി ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
തങ്ങളുടെ കമ്പനിയില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു കത്ത് ഗാര്‍ഡിയന്‍ ദിനപത്രത്തിന് കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് തലവന്‍ അയച്ചിരുന്നു.
This post was last modified on December 27, 2016 3:58 pm
Leave a Comment