X

തകര്‍ന്ന നെറ്റ് വര്‍ക്ക് ശരിയാക്കിയില്ല; ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്‍റെ കുത്തിയിരുപ്പ് സമരം

അഴിമുഖം പ്രതിനിധി

ഫോര്‍ജി, ത്രീജി ഓഫറുകള്‍ സൌജന്യമായി നല്‍കി ഉപയോക്താക്കളെ പിടിക്കാന്‍ മൊബൈല്‍ കമ്പനികള്‍ മത്സരിക്കുന്ന ഈ കാലത്ത് തകരാറിലായ ഫോണ്‍ നെറ്റ് വര്‍ക്ക് നേരെയാക്കാന്‍ ഒരു പഞ്ചായത്ത് പ്രസിഡന്‍റ് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തി. മൊബൈല്‍ ടവറുകള്‍ പൊടിപോലുമില്ലാത്ത ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളില്‍ അല്ല സംഭവം. തെങ്ങുകളെക്കാള്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ കേരളത്തിലാണ്.

തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ തകരാറിലായ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ശരിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് മംഗലപുരം ഷാഫിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ കണിയാപുരം എക്സ്ചേഞ്ചിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക്  തകരാറിലായതോടെ ഒരു മാസമായി പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ വഴിയുള്ള സകല പ്രവര്‍ത്തനങ്ങള്‍ക്കും പ്രശ്നം നേരിട്ടു. പല തവണ ബിഎസ്എന്‍എലിന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് പ്രസിഡന്റും മറ്റു പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ തീരുമാനിച്ചത്.

പ്രശ്നം കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ തകരാറ് പരിഹരിച്ചു.

This post was last modified on December 27, 2016 2:26 pm