X

പഠാന്‍കോട്ട് ആക്രമണം; പാകിസ്ഥാന്‍ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യക്ക് ലഭിച്ചു

അഴിമുഖം പ്രതിനിധി

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ദേശിയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയ വിവരങ്ങളില്‍ പഠാന്‍കോട്ട് ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്റെ നാലു കൂട്ടാളികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണ് എന്‍ഐഎയ്ക്ക് കൈമാറിയത്.

പഠാന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തതു പാകിസ്ഥാനിലാണ് എന്നു തെളിയിക്കുന്ന രേഖകളാണിത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്ള നാസിര്‍ ഹുസൈന്‍, ഗുജ്രന്‍വാസല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയും എന്നിവരുമായി കാഷിഫ് ജാന്‍ നടത്തിയ ഇന്റര്‍നെറ്റ് സംഭാഷണങ്ങളുടെ വിവരങ്ങളാണ് രേഖകളിലുള്ളത്. ഇയാള്‍ പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മറ്റു ദൂതന്മാരുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും കൈമ്മാറിയവയിലുണ്ട്.

പഞ്ചാബില്‍ കടന്നതിന് ശേഷം ഭീകരര്‍ പോലീസ് സുപ്രണ്ട് ആയ സല്‍വീന്ദര്‍ സിംഗിനെ ആക്രമിച്ചതിന് ശേഷം ബന്ധപ്പെട്ടതും കാഷിഫ് ജാനിനേയായിരുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക് വാട്‌സ് ആപ് വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. അതേസമയം പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ വിളിച്ച മറ്റൊരു നമ്പറും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മുല്ല ദാദുള്ള എന്നയാളുടെതാണ് ഈ നമ്പര്‍ എന്നു കണ്ടെത്തിയിട്ടുള്ളത്. എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള ഫോണ്‍ നമ്പറുകള്‍ എല്ലാം പാകിസ്ഥാനില്‍ നിന്നുള്ളവയാണ്. ഇവ ആക്രമണം നടക്കുമ്പോഴും പ്രവര്‍ത്തിച്ചിരുന്നു.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment