അഴിമുഖം പ്രതിനിധി
യെമനിലെ നിന്നും കാണാതായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്നു പേര്‍ പിടിയിലായതായി സൂചന. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യെമന്‍ നഗരമായ ഏദനിന് സമീപത്തെ സൈല എന്ന സ്ഥലത്ത് വെച്ച് ഇവര്‍ പിടിയിലായി എന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍ അല്‍ ഖ്വയ്ദ സംഘടനയില്‍ പെട്ടവരാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. വൈദികന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പിടിയിലായി എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.
മാര്‍ച്ചിലാണ് ഭീകരര്‍ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധമന്ദിരം ആക്രമിക്കുകയും നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പടെ 16 പേരെ കൊലപ്പെടുത്തുകയും ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോകുകയും ചെയ്തത്.
വൃദ്ധസദനം ആക്രമിച്ച വിവരം സമ്മതിച്ച ഇവര്‍ എന്നാല്‍ ഫാ ടോം ഉഴുന്നലിനെ കുറിച്ചൊന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഫാദര്‍ ടോം ഉഴുന്നാലിനെ മര്‍ദ്ദിക്കുന്നതും അദ്ദേഹത്തെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നതിന്റെയുമായ വീഡിയോ ഉഴുന്നാലിന്റെ തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്നയാള്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ അല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ആ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോള്‍ പിടിയിലായവരില്‍ നിന്നും വൈദികന്റെ മോചനത്തിലേക്കുള്ള വഴി തുറന്നുകിട്ടുമെന്നാണ് കരുതുന്നത്.
This post was last modified on December 27, 2016 4:32 pm
Leave a Comment