X

പത്താന്‍കോട്ട്; കസ്റ്റഡിയില്‍ എടുത്ത മലയാളിക്ക് ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് എന്‍ഐഎ

അഴിമുഖം പ്രതിനിധി

ഇന്നലെ പത്താന്‍കോട്ടില്‍ നിന്നും പിടികൂടിയ മലയാളിക്ക് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് എന്‍ഐഎ. വയനാട് സ്വദേശിയായ റിയാസ് എന്നയാളെ ഇന്നലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിനു സമീപമുള്ള ഒരു ലോഡ്ജില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. ഇയാള്‍ക്കൊപ്പം അഞ്ച് മാലിദ്വീപ് സ്വദേശികളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്‍ഐഎ സംഘം നടത്തിയ തിരച്ചിലിലാണ് റിയാസിനെയും മാലി സ്വദേശികളെയും പിടികൂടിയത്. എന്നാല്‍ റിയാസിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നും ഇയാളെ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അഴിമുഖത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എന്‍ഐഎ അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് വയനാട് സ്വദേശി റിയാസിനെ പത്താന്‍കോട്ടില്‍വച്ച് എന്‍ഐഎ കസ്റ്റഡയില്‍ എടുത്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇയാളുടെ മുന്‍ പേര് ദിനേശന്‍ എന്നാണ്. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ചാരായക്കേസില്‍ അകത്തായ ദിനേശന്‍ പിന്നീട് നാടുപേക്ഷിച്ചു പോവുകയായിരുന്നു. അതിനുശേഷമാണ് റിയാസ് എന്നുപേര് മാറ്റിയത്. ഇയാള്‍ പത്താന്‍കോട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

This post was last modified on December 27, 2016 3:35 pm