X

ചന്ദ്രബോസ് കൊലക്കേസ്; പിസി ജോര്‍ജ് തെളിവ് പുറത്ത് വിട്ടു

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് വധക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പുറത്ത് വിട്ടു. മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തിയും, മുന്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ജേക്കബ് ജോബും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അടങ്ങിയ സിഡി ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അദ്ദേഹം വെളിവാക്കി. സിഡി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയിട്ടുണ്ടെന്നും വേണ്ട നടപടി അവര്‍ക്ക് സ്വീകരിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേസില്‍ ഇടപെടുന്നത് ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ താത്പര്യപ്രകാരമാണെന്ന് എംഎന്‍ കൃഷ്ണമൂര്‍ത്തി പറയുന്നു. നിസാമിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റെ ദിവസമാണ് ഫോണ്‍സംഭാഷണം നടന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഡിജിപിക്ക് തന്നോട് വിരോധമുണ്ടെന്നും വൈദീശ്വരന്റെ കേസ് മുതല്‍ തുടങ്ങിയതാണ് വിരോധമെന്നും ജേക്കബ് ജോബ് ഡിജിപിയോട് പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. കൂടാതെ ചേരാമംഗലം സ്‌റ്റേഷനിലെ പോലീസുകാരെല്ലാം നിസ്സാമിൻറെ കയ്യില്‍ നിന്ന് കാശ് വാങ്ങിയതായി നിസ്സാം പറഞ്ഞത് ജേക്കബ് ജോബ് കൃഷ്ണമൂര്‍ത്തിയോട് പറയുന്നുണ്ട്. സംഭവത്തില്‍ പേരാമംഗലം സിഐയെ സസ്‌പെന്റ് ചെയ്യണം. തന്റെ മുന്നിലുള്ളത് നിസ്സാമെന്ന കൊള്ളക്കാരന്‍ റാസ്‌കലാണ്, അവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഡിജിപി ബാലസുബ്രഹ്മണ്യം പാവമാണെന്ന് താന്‍ കരുതുന്നില്ലെന്നും, ഏറ്റവും എളിമ കാണിക്കുന്നവനാണ് ഏറ്റവും വലിയ കള്ളനെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. സിബിഐ ഡയറക്ടറാകാന്‍ വേണ്ടി ബിജെപി നേതാക്കളെ കണ്ട വ്യക്തിയാണ് ബാലസുബ്രഹ്മണ്യം. എന്നാല്‍ മുന്‍പൊരു കേസുണ്ടായത് തിരിച്ചടിയായെന്നും അദ്ദേഹം അറിയിച്ചു. നിസ്സാമിന്റെ പണം പറ്റുന്നവര്‍ പോലീസിലുണ്ട്. പോലീസ് ആസ്ഥാനത്ത് ക്രിമിനലുകള്‍ കയറിയിറങ്ങുന്നതായും ഭരണ പ്രതിപക്ഷ കേന്ദ്രങ്ങളില്‍ അവര്‍ക്ക് സ്വാധീനമുള്ളതായും പിസി ജോര്‍ജ് പറഞ്ഞു.

This post was last modified on December 27, 2016 2:52 pm