X

പ്രതിഷേധത്തിന്റെ ഫ്രെയിം

അഴിമുഖം പ്രതിനിധി

മാധ്യമവിലക്കിന്റെ കാലമാണ് കേരളത്തിലിപ്പോള്‍. എന്നാല്‍ മാധ്യമങ്ങളെ പൊതുസംവിധാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമം കേരളത്തില്‍ മാത്രമല്ല നടക്കുന്നത്. അതിനു സ്ഥലദേശ വ്യത്യാസമില്ല. 

ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ വാര്‍ത്ത നോക്കൂ. അവിടെ ഫോട്ടോ ജേര്‍ണലിസ്റ്റുകളോടായിരുന്നു അധികാരികളുടെ വിവേചനം. പക്ഷെ മാന്യവും ശക്തമായ രീതിയില്‍ അവര്‍ നടത്തിയ പ്രതിഷേധം ലോകം മുഴുവന്‍ ശ്രദ്ധിച്ചിരിക്കുകയാണ്.

പൊതു സുരക്ഷയ്ക്ക് ഉതകുന്ന സൈനിക വിവര കൈമാറ്റം നടപ്പില്‍ വരുത്തുന്ന ഒരു കരാര്‍ ഒപ്പിടാന്‍ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി തീരുമാനിച്ചു. ഈ കരാര്‍ ഒപ്പിടല്‍ ദക്ഷിണ കൊറിയയില്‍ വച്ചാണ് നടത്തിയത്. എന്നാല്‍ കൊറിയന്‍ പ്രതിരോധമന്ത്രാലായം കരാര്‍ ഒപ്പിടല്‍ ചടങ്ങ് രഹസ്യമായി നടത്താനാണു തീരുമാനിച്ചത്. കരാര്‍ ഒപ്പിടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീക്കരുതെന്ന് ഉത്തരവ് ഇറക്കി. ഫോട്ടോഗ്രാഫര്‍മാരെ ചടങ്ങിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി.

ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരമൊരു നടപടിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എന്നാലവര്‍ മുദ്രാവാക്യം വിളിച്ചു തെരുവില്‍ ഇറങ്ങാനൊന്നും നിന്നില്ല. പകരം ഏറ്റവും ശക്തമായ രീതിയില്‍ തന്നെ തങ്ങളുടെ പ്രതിഷേധം കാണേണ്ടവരുടെ മുന്നില്‍ തന്നെ കാണിച്ചു.

കൊറിയന്‍ പ്രതിരോധ മന്ത്രാലയത്തില്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം ജപ്പാന്‍ വിദേശകാര്യ മന്ത്രി കരാര്‍ ഒപ്പിടല്‍ ചടങ്ങിനായി എത്തുന്ന സമയം രണ്ടു വരികളായി നിരന്നു നിന്നു. പക്ഷേ ആരുടെയും കൈകളില്‍ കാമറ ഇല്ലായിരുന്നു. ജപ്പാന്‍ മന്ത്രിയുടെ പടം പിടിക്കാനും ശ്രമിച്ചില്ല. പകരം എല്ലാവരും തങ്ങളുടെ കാമറ തറയില്‍വയ്ക്കുകയാണ് ചെയ്തത്.

നിശബ്ദമായി ഇത്ര ശക്തയോടെ ഒരു പ്രതിഷേധം നടത്താന്‍ ഇതിലും നല്ല വഴി വേറിയില്ല…

This post was last modified on December 27, 2016 4:52 pm