X

പി ജയരാജന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമില്ല

അഴിമുഖം പ്രതിനിധി

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ യു എ പി എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.

മനോജിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ബുദ്ധി കേന്ദ്രം ജയരാജനാണെന്ന് സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന നിയമത്തിന് മുന്നില്‍ ലഭിക്കില്ലെന്നും യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ കേസിന്റെ മെരിറ്റിലേക്ക് കോടതി കടന്നില്ല.

ജയരാജനെ പ്രതി ചേര്‍ത്തതില്‍ നിയമപരമായി ഒരു തെറ്റുമില്ലെന്നും കേസില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

എത്രപേര്‍ മരിച്ചു എന്നതല്ല യുഎപിഎ ചുമത്താന്‍ കാരണമായി നോക്കുന്നതെന്നും ആരും കൊല്ലപ്പെട്ടില്ലെങ്കിലും യുഎപിഎ ചുമത്താനാകുമെന്ന് കോടതി പറഞ്ഞു. പ്രതിയുടെ പദവിയും നോക്കാനാകില്ല. കേസ് ഡയറി പരിശോധിച്ചതില്‍ ജയരാജന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയായ വിക്രമന്‍ ജയരാജന്റെ ഉറ്റസുഹൃത്താണ്. 

അതേസമയം കണ്ണൂര്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകള്‍ സിബിഐയ്ക്ക് വിടുന്നില്ല. ആര്‍ എസ് എസ് നേതാക്കളെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിചേര്‍ത്തതിന് പിന്നില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതാണെന്നും കോടിയേരി ആരോപിച്ചു.

മോഹന്‍ ഭാഗവത് കേരളം സന്ദര്‍ശിച്ചപ്പോള്‍ മനോജിന്റെ ബന്ധുക്കള്‍ എന്ന പേരില്‍ കുറച്ചു പേര്‍ സന്ദര്‍ശിച്ചിരുന്നു. ഭാഗവതിന്റെ കേരള സന്ദര്‍ശനത്തിനുശേഷമാണ് ജയരാജനെ പ്രതി ചേര്‍ത്തത്. ആര്‍ എസ് എസ്- സി ബി ഐ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. യുഎപിഎ ചുമത്തുന്നത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍ എസ് എസിന്റെ നിര്‍ദ്ദേശങ്ങളാണെന്നും കോടിയേരി പറഞ്ഞു.

This post was last modified on December 27, 2016 3:39 pm