X

എമര്‍ജന്‍സി ലാന്റിങ്ങിനിടെ സിംഗപ്പൂര്‍ വിമാനത്തിന് തീപിടിച്ചു

241 യാത്രക്കാരുമായി സിംഗപ്പൂരിലെ ചാങ്കി എയര്‍പോര്‍ട്ടില്‍ നിന്നും മിലാനിലേക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം എമര്‍ജെന്‍സി ലാന്റിങ്ങിനിടെ തീപിടിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമായ SQ368നാണ് തീ പിടിച്ചത്. ആര്‍ക്കും പരിക്കില്ല.

വലത്തേ എഞ്ചിനില്‍ തകരാര്‍ കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിംഗ് നടത്തുകയായിരുന്നു. എന്നാല്‍ ലാന്റിംഗ് നടത്തി സെക്കന്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ വലത്തേ എഞ്ചിന്‍ തീ പിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിശമനസേന എത്തി തീ അണച്ചു. വന്‍ ദുരന്തമാണ് ഇതോടെ ഒഴിവായത്.

അഗ്‌നിശമനസേന തീ അണയ്ക്കുന്നത് വരെ യാത്രക്കാര്‍ക്ക് വിമാനത്തിന്റെ അകത്ത് കാത്തിരിക്കേണ്ടി വന്നു. 

“ഹൃദയമിടിപ്പ് കൂടിയ അഞ്ച് മിനുട്ടുകളായിരുന്നു അത്. അഗ്‌നിശമനസേന തീ അണക്കുന്നത് വരെയുള്ള അഞ്ച് നിമിഷങ്ങള്‍. അവര്‍ വെള്ളവും നുരയും കത്തിക്കൊണ്ടിരിക്കുന്ന ഭാഗത്തേക്ക് നിര്‍ത്താതെ ഒഴിച്ചു. അതോടെ തീ അണഞ്ഞു. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്.” വിമാനത്തിലെ യാത്രക്കാരനായിരുന്ന ലീ ബീ ഫേസ്ബുക്കില്‍ കുറിച്ചു.

എഞ്ചിന്‍ ഓയില്‍ തകരാര്‍ കാരണം വിമാനത്തിന് തീ പിടിക്കുകയായിരുന്നു എന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

“വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ വിമാനത്തിന്റെ ഒരു എഞ്ചിന് തകരാര്‍ ഉണ്ടെന്നും അതുകൊണ്ട് തിരിച്ചു പറക്കുകയാണെന്നും പൈലറ്റ് അനൌണ്‌സ് ചെയ്തു. ലാന്റ് ചെയ്തതോടെ എഞ്ചിന് തീപിടിക്കുകയായിരുന്നു. വിമാനത്തിന് അകത്തിരുന്നു തന്നെ തീ പടരുന്നത് കാണാമായിരുന്നു”. മറ്റൊരു യാത്രക്കാരി പറഞ്ഞു. 

This post was last modified on December 27, 2016 4:16 pm