X

‘1947 ന് മുൻപ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നു’, കാശ്മീർ പ്രശ്നത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് മോദി, ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ട്രംപ്

പ്രശ്നങ്ങൾ തമ്മിൽ ചർച്ച ചെയ്യാനും അവ പരിഹരിക്കാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്, മറ്റ് രാജ്യങ്ങള്‍ക്ക് ഇതിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

ഫ്രാന്‍സിലെ ബിയാറിറ്റ്‌സിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സാഹചര്യങ്ങള്‍ ഉൾപ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി ഇരു നേതാക്കളും പ്രതികരിച്ചു. കാശ്മീർ പ്രശ്നം ഇരു രാജ്യങ്ങളും തമ്മിൽ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ട്രംപ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. എന്നാൽ വിഷയത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. മോദി ഇക്കാര്യം വ്യക്തമാക്കിയതായി ട്രംപ് തന്റെ ട്വീറ്റിലും വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ രാത്രി ഞങ്ങൾ കശ്മീരിനെക്കുറിച്ച് സംസാരിച്ചു, അവിടത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പ്രധാനമന്ത്രി തന്നോട് പ്രതികരിച്ചത്. പാകിസ്താനുമായി ചർച്ച ചെയ്ത് വിഷയത്തിൽ മികച്ച പരിഹാരം ഉണ്ടാക്കാനാവുമെന്ന് തനിക്ക് ഉറപ്പുണ്ട്- ട്രംപ്  വ്യക്തമാക്കുന്നു.

എന്നാൽ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും നയന്ത്രസ്വഭാവമുള്ളതാണെന്നും അതിനാൽ അവിടെ മറ്റ് രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. 1947 ന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഇരു രാജ്യങ്ങൾക്ക് ഇടയിലുള്ള പ്രശ്നങ്ങൾ തമ്മിൽ ചർച്ച ചെയ്യാനും അവ പരിഹരിക്കാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്, മറ്റ് രാജ്യങ്ങള്‍ക്ക് ഇതിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

 

This post was last modified on August 26, 2019 5:01 pm