X

സൈന്യം അതിര്‍ത്തിയില്‍ നില്‍ക്കുന്നതുകൊണ്ടാണ് ജനത്തിനുറങ്ങാന്‍ കഴിയുന്നതെന്ന് മോദി

അഴിമുഖം പ്രതിനിധി

 

അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ സൈന്യത്തെ കാണാന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലും ഇന്തോ-ചൈനീസ് ബോര്‍ഡറിലും എത്തിയ മോദി സൈന്യത്തോട് സംസാരിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നാവൂര്‍, ലാഹൂള്‍-സ്പിതി മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഐ.റ്റി.ബി.പി ജവാന്മാരുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

 

ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ മൂലം സൈനികര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി തങ്ങളുടെ എല്ലാക്കാര്യങ്ങളും മാറ്റിവച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു. അവരുടെ ആത്മാര്‍ഥതയും ധീരതയും എന്നെ പൂര്‍ണമായി കീഴടക്കിക്കളഞ്ഞു. ഈ ദീപാവലി സൈന്യത്തിനായി സമര്‍പ്പിക്കാം. നമ്മുടെ രാജ്യം സംരക്ഷിക്കാനായി വലിയ ത്യാഗങ്ങളാണ് സൈനികര്‍ നടത്തുന്നത്. ചിലര്‍ മരുഭൂമിയില്‍, ചിലര്‍ ഹിമാലയത്തില്‍ ചിലര്‍ വ്യാവസായിക മേഖലകളില്‍, ചിലര്‍ വിമാനത്താവളങ്ങളില്‍ ഒക്കെ നമ്മെ സംരക്ഷിക്കുന്നു. ഈ ആഘോഷവേളയില്‍ നാം അവരെ ഓര്‍ക്കുകയാണെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ശക്തിയും ഊര്‍ജവും നല്‍കുമെന്നും മോദി പറഞ്ഞു.

 

നേരത്തെ ഉത്തരാഖണ്ഡ് മേഖലയിലുള്ള ഐറ്റിബിപി സൈനികരെ സന്ദര്‍ശിക്കുമെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. എന്നാല്‍ മോദിയുടെ സന്ദര്‍ശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിച്ചു. പിന്നീട് ഹിമാചലിലെ ഐറ്റിബിപി ബേസ് ക്യാമ്പിനടുത്ത് മോദിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് സന്ദര്‍ശന വിവരം പൂര്‍ണമായി മനസിലായത്. നിങ്ങള്‍ അതിര്‍ത്തികള്‍ കാക്കുന്നതുകൊണ്ടാണ് രാത്രികളില്‍ ജനങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നത്. നിങ്ങള്‍ അതിര്‍ത്തികളില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല- മോദി പറഞ്ഞു.

 

This post was last modified on December 27, 2016 2:20 pm