X

ഹിജാബ് ധരിച്ച് പ്രധാനമന്ത്രിയെ കാണാന്‍ പറ്റില്ല; ‘ഓര്‍ക്കണം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഇത് നടന്നത്’

കുറ്റവാളികളെ പോലെ മണിക്കൂറുകളോളം അവര്‍ ഞങ്ങളെ പുറത്തു നിര്‍ത്തി

വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കോണ്‍ഫറന്‍സില്‍ ക്ഷണം സ്വീകരിച്ചു പങ്കെടുക്കാനെത്തിയ കേരള സംഘത്തില്‍ ഹിജാബ് ധരിച്ചെത്തിയെന്ന പേരില്‍ മുസ്ലിം പഞ്ചായത്ത് പ്രസിഡന്റുമാരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞത് വിവാദമായിരുന്നു. വയനാട് മൂപ്പയ്‌നാട് പഞ്ചായത്ത് പ്രസിഡന്റിനെയും കാസര്‍ഗോഡ് ചെങ്കള, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കുമാണ് വിവേചനം നേരിട്ടത്. എന്നാല്‍ ഒരു പ്രത്യേക മതചിഹ്നത്തിന്റെ പേരുപറഞ്ഞു തങ്ങളുടെ അവകാശം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനാണ് കേരളത്തില്‍ നിന്നെത്തിയ വനിത പഞ്ചായത്തു പ്രസിഡന്റുമാര്‍ തയ്യാറായത്. പ്രധാനമന്ത്രിയെ കാണാന്‍ ഹിജാബ് തടസമാണെങ്കില്‍ കാണുന്നില്ല എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഒരു ജനാധിപത്യ രാജ്യത്തെ തലവനെ കാണാന്‍ ചെന്നപ്പോള്‍, സുരക്ഷ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വന്ന അവഹേളനത്തെ കുറിച്ച് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും തൃക്കരിപ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റ് വി പി ഫൗസിയയും അഴിമുഖത്തോട് പ്രതികരിക്കുന്നു.

മാര്‍ച്ച് എട്ടിനു വനിതാ ദിനത്തോട് അനുബന്ധിച്ച് അഹമ്മദാബാദില്‍ നടന്ന സ്വച്ച് ശക്തി 2017ല്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാണ് ഞങ്ങള്‍ കേരള ടീമിനൊപ്പം യാത്ര പുറപ്പെട്ടത്. കഴിഞ്ഞ നവംബര്‍ മാസത്തോടെ കേരളത്തില്‍ ഒ.ഡി.എഫായി പ്രഖ്യാപിച്ച വനിത പ്രസിഡന്റുമാര്‍ നയിക്കുന്ന വിവിധ പഞ്ചായത്തുകളില്‍ നിന്നായി 117 പേരായിരുന്നു, കേരള ടീമില്‍. വലിയ യാത്രകളില്‍ ബുര്‍ഖ സൗകര്യപ്രദമല്ലാത്തതിനാല്‍ ഹിജാബ് ധരിച്ചാണ് യാത്ര ചെയ്തിരുന്നത്. ആറാം തീയതി പുറപ്പെട്ട ഞങ്ങള്‍ ഗുജറാത്തിലെത്തിയതിന് ശേഷം ഗുജറാത്ത് സര്‍ക്കാരിന്റെ നല്ലരീതിയിലുള്ള ആതിഥേയത്വമെല്ലാം അനുഭവിച്ചറിഞ്ഞു. ഏഴാം തീയതി ഗുജറാത്ത് മോഡല്‍ കാണാനായി ഗ്രാമങ്ങളിലും, ഡയറി ഫാമുകളിലുമെല്ലാം സന്ദര്‍ശിച്ചു. വൈകിട്ട് വിവിധ സ്റ്റേറ്റുകളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകളെല്ലാം ആസ്വദിച്ചു.

എല്ലാ സമയങ്ങളിലും പൊലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നെങ്കിലും, കറുത്ത ഹിജാബ് എവിടെയും പ്രശ്‌നമായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എത്തിയ കേരള സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഞങ്ങളെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അകത്തേക്ക് പ്രവേസിക്കാന്‍ അനുവദിച്ചില്ല. ഹിജാബ് അഴിച്ചു വച്ചാലെ അകത്തേക്കുള്ള പ്രവേശനം അനുവദിക്കൂ എന്ന് അവര്‍ വാശി പിടിച്ചു. ചെക്കിംഗിന്റെ ഭാഗമായുള്ള എല്ലാ മാനദണ്ഡങ്ങളും ഞങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും, ഞങ്ങളുടെ മുടി ചെക്ക് ചെയ്യണമെങ്കില്‍ ആകാമെന്നും, ഹിജാബ് അഴിക്കാന്‍ തയ്യാറല്ല എന്നും ഞങ്ങള്‍ തിരിച്ചു പറഞ്ഞു. ഞങ്ങളിപ്പോള്‍ ഇവിടെ അതിഥികളായി വന്നവരാണെന്നും, പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ ഹിജാബ് പാടില്ലെന്ന് നേരത്തേ അറിയിച്ചിട്ടില്ലെന്നും പറഞ്ഞപ്പോഴും ഉദ്യോസ്ഥര്‍ സമ്മതിച്ചില്ല.

പിന്നീട് വന്ന സീനിയര്‍ ഓഫീസര്‍ മുകളിലേക്ക് ചൂണ്ടിക്കാണിച്ച് അവിടെ ചെന്നിരിക്കാന്‍ പറഞ്ഞു. അവിടുത്തെ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും മറ്റും ഇരിക്കുന്ന ഇടത്ത് ചെന്ന് സ്‌ക്രീനില്‍ പരിപാടി കാണാനാണ് ആവശ്യപ്പെട്ടത്. അതിനു വഴങ്ങാതെ മണിക്കൂര്‍ നേരത്തോളം ഞങ്ങള്‍ ഹാളിന് പുറത്ത് നിന്നു. പിന്നീട് ഞങ്ങളുടെ ടീം കോഡിനേറ്ററും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രസിഡന്റുമാരും പുറത്തിറങ്ങിവന്ന് പ്രതിഷേധിച്ചപ്പോഴാണ് ഞങ്ങള്‍ക്കു പ്രവേശനം ലഭിച്ചത്. രണ്ടാം കവാടത്തിലും ഞങ്ങള്‍ ഇതേ പ്രശ്‌നം അഭിമുഖീകരിച്ചു. അവിടെയും കേരള സംഘം ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് പ്രവേശനം ലഭിച്ചത്. ഞങ്ങള്‍ക്ക് മുമ്പേ ഹാളില്‍ പ്രവേശിച്ച പലരും ഹിജാബ് അഴിച്ചുവെച്ചാണ് പ്രവേശിച്ചതെന്ന് ഞങ്ങള്‍ പിന്നീട് അറിഞ്ഞു. കേരളത്തില്‍ നിന്നും പോയവരില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളും ഇതേ പ്രശ്‌നം നേരിട്ടെങ്കിലും, അവര്‍ ഹിജാബഴിക്കാന്‍ തയ്യാറാവുകയായിരുന്നു-ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം പറയുന്നു.

ഇന്ത്യപോലൊരു ജനാധിപത്യരാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിവേചനമാണ് ഞങ്ങള്‍ നേരിട്ടത്-തൃക്കരിപ്പൂര്‍ പഞ്ചീയത്ത് പ്രസിഡന്റ് വി.പി ഫൗസിയ പറയുന്നു. ഇന്നവര്‍ ഹിജാബ് അഴിക്കാന്‍ പറഞ്ഞു. നാളെ ഇനി എന്തിനൊക്കെ നാം അനുവാദം കാത്തിരിക്കേണ്ടിവരും? അതിനെതിരെയുള്ള ചെറിയ പ്രതിഷേധം മാത്രമാണ് ഹിജാബ് അഴിച്ച് വെക്കാതെ ഞങ്ങളവിടെ നടത്തിയത്. കറുത്ത ഹിജാബ് ധരിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല. കേരള ടീമിന്റേയും ഞങ്ങളുടെ കോഡിനേറ്ററുടേയും സഹായത്താല്‍ അകത്ത് കയറി ഞങ്ങള്‍ക്കായി ഒരുക്കിയ ഇരിപ്പിടത്തിലിരുന്നു. എന്നിരുന്നാലും അതിനായി ഒരു കുറ്റവും ചെയ്യാതെ കുറ്റവാളികളെപ്പോലെ ഞങ്ങള്‍ മണിക്കൂറുനേരം പുറത്ത് നിന്നു. പിന്നീട് ടോയ്‌ലെറ്റില്‍ പോയി വന്ന ഞങ്ങളെ പത്തോളം പേര്‍ പിന്‍തുടരുകയും മാനസികമായി തളര്‍ത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്ന ഈ ദുരവസ്ഥ നടന്നത് ഏറ്റവും വലിയ ജനാധിപത്യരാജ്യത്താണെന്ന് ഓര്‍ക്കണം. ഏത് മതവും സ്വീകരിക്കാനും, വിശ്വസിക്കാനും അനുവാദമുള്ള, നാനാത്വത്തില്‍ ഏകത്വമെന്ന് സ്വയമഭിമാനം കൊള്ളുന്ന ഒരു രാജ്യത്താണെന്ന് ഓര്‍ക്കണം;  ഷാഹിനയും ഫൗസിയയും ഒരേ സ്വരത്തില്‍ പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

This post was last modified on March 10, 2017 11:20 pm