X

‘ജസ്റ്റിസ് ഫോർ ജിഷ’ മാര്‍ച്ചിന് നേരെ പോലീസ് അഴിഞ്ഞാട്ടം

‘ജസ്റ്റിസ് ഫോർ ജിഷ’ സമരപരിപാടിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെരുമ്പാവൂരിലെത്തിയ സാമൂഹ്യ പ്രവർത്തകർക്കെതിരെ പോലീസ് അതിക്രമം.

സ്ത്രീകളും ട്രാന്സ്ജെന്‍ഡേര്‍സും പുരുഷൻമാരും ഉൾപ്പെടെ 24 ലധികം ആളുകൾക്ക് പോലീസ് ആക്രമണത്തിൽ ഗുരുതരമായ പരിക്കുപറ്റി. പോലീസ് സ്ത്രീകളുടെ അടിവയറ്റിൽ ചവിട്ടുകയും ലാത്തി ഉപയോഗിച്ച് കുത്തുകയും അടിക്കുകയും കൈ തിരിച്ച് ഒടിക്കുകയും തല തല്ലി പൊട്ടിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്ത് കൊണ്ടും പോകും വഴി ട്രാന്സ്ജെന്‍ഡേര്‍സിനെയും സ്ത്രീകളെയും ഭീകരമായി മർദ്ദിക്കുകയും ലാത്തി കൊണ്ട് നാഭിയിൽ കുത്തുകയും ചെയ്തു. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി കേസ് ചാർജ്ജ് ചെയ്തതിന് ശേഷം സമരക്കാരുടെ കടുത്ത പ്രതിഷേധത്തിനു വഴങ്ങി ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.

‘ജസ്റ്റിസ് ഫോര്‍ ജിഷ’ കൂട്ടായ്മ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കേസില്‍ തെളിവുകള്‍ നശിപ്പിച്ച കുറുപ്പംപടി സി.ഐയെ കേസന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തുക. ജിഷയുടെ അമ്മ രാജേശ്വരി വധഭീഷണി അടക്കമുള്ള പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. 

പരിക്കേറ്റവരെയെല്ലാം ഇപ്പോൾ പെരുമ്പാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തിന്റെ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് അന്വേഷണം നീതിപൂർവ്വമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം നടത്തിയത്.

This post was last modified on December 27, 2016 4:01 pm