X

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്ര മന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കും എതിരെ കേസ്

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയക്കും സര്‍വകലാശാല വിസി പി.അപ്പാറാവുവിനും എതിരെ പൊലീസ് കേസെടുത്തു. എസ് സി/എസ് ടി നിയമ പ്രകാരം ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 

അംബ്ദേകര്‍ സ്റ്റുഡന്റ്‌സ് ആസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ചു ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇവര്‍ എബിവിപി പ്രവര്‍ത്തകനെ അക്രമിച്ചു എന്നാരോപിച്ചായിരുന്നു ബിജെപി സെക്കന്ദരബാദ് എം പി കൂടിയായ ദത്താത്രേയ സര്‍വകലാശാലയ്ക്ക് കത്തയച്ചത്. ദത്താത്രേയയുടെ ഇടപെടലിലൂടെയാണ് വൈസ് ചാന്‍സലര്‍ പി അപ്പറാവു ദളിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. 

അതേ സമയം രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രണ്ടംഗ സമിതിയെ നിയോഗിച്ചു. ഉച്ചയ്ക്ക് സ്മൃതി ഇറാനിയുടെ ഓഫീസിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  ഇടതു വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

This post was last modified on December 27, 2016 3:35 pm