X

ദിലീപിനെ വിടാതെ പൊലീസ്; വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ ഷായേയും ചോദ്യം ചെയ്യും, കാവ്യ മാധവനെയോ അമ്മയേയോ ചോദ്യം ചെയ്യുമോയെന്നു പറയാതെ പൊലീസ്

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായേയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും. ഇന്നു നടന്ന പൊലീസ് ഉന്നതതലയോഗത്തിലാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കിട്ടിയ തെളിവുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുപറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അന്വേഷണസംഘം തലവന്‍ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നുയോഗം. തെളിവുകള്‍ വിലയിരുത്തിയെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് യോഗത്തിനുശേഷം റൂറല്‍ എസ് പി എ വി ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പേരുകള്‍ ഉയരുന്ന നടി കാവ്യ മാധവനെയോ ഇവരുടെ അമ്മ ശ്യാമളയേയോ ചോദ്യം ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ എസ് പി തയ്യാറായില്ല.

നേരത്തെ ഇതേ കേസില്‍ ദിലീപിനെയും നാദിര്‍ഷായേയും 13 മണിക്കൂറോളം പൊലീസ് ആലുവ പൊലീസ് ക്ലബില്‍വച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നു പറയാവുന്ന തെളിവുകളൊന്നും കിട്ടിയിരുന്നില്ല. പക്ഷേ രണ്ടുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യം പൊലീസ് കണ്ടെത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അന്നേ വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും ദിലീപിലേക്കും നാദിര്‍ഷയിലേക്കും അന്വേഷണം തിരിച്ചത്. കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നു അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

 

This post was last modified on July 12, 2017 5:07 pm

Related Post
Leave a Comment