X

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രിതമെന്ന് ചെന്നിത്തല, സര്‍ക്കാര്‍ ആര്‍എസ്എസിന് ഒത്താശ നല്‍കുന്നുവെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് തിരുവോണ ദിവസം നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ ആര്‍എസ്എസിന് ഒത്താശ ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അക്രമം ആര് നടത്തിയാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടേയും സിപിഐഎമ്മിന്റേയും ആസൂത്രിത നീക്കങ്ങള്‍ നടന്നതായി സംശയിക്കുന്നുവെന്നും ഇരു പാര്‍ട്ടികളും ഇതില്‍ നിന്നും പിന്‍വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് ആര്‍എസ്എസിന് കൂട്ടുനില്‍ക്കുകയാണെന്നും നരേന്ദ്രമോദിയുടെ ഗുഡ്ബുക്കില്‍ കയറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും ശ്രമം എന്ന് കോടിയേരി ബാലകൃഷ്ണ്‍ ആരോപിച്ചു. സംസ്ഥാനത്ത് പൊലീസ് നിഷ്‌ക്രിയമാണ്. സിപിഐഎം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നുവെന്നും എന്നാല്‍ കേസുകള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ സംരക്ഷിക്കുന്ന യുഡിഎഫ് നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കോടിയേരി ആരോപിച്ചു. സര്‍ക്കാര്‍ കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു.

ഇന്നലെ കാസര്‍കോഡും തൃശുരും നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടായി. കണ്ണൂരില്‍ ആര്‍എസ്എസ്, സിപിഐഎം പ്രവര്‍ത്തകരുടെ 15 ഓളം വീടുകളും രണ്ട് സിപിഐഎം ഓഫീസുകളും തകര്‍ത്തു. നാല് പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴയില്‍ സിപിഐഎം ഏര്യാ കമ്മിറ്റി ഓഫീസിനു നേര്‍ക്കും ആക്രമണം ഉണ്ടായി. ഇവിടെ ഓണാഘോഷത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റിരുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിടെ സിപിഐഎമ്മിന്റെ ബാനറുകളും കൊടികളും നശിപ്പിച്ചു. തൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിന്റെ വിലാപ യാത്രക്കിടെ വ്യാപക അക്രമം ഉണ്ടായി.

ഇന്നലെ കാസര്‍കോഡ് സിപിഐഎം പ്രവര്‍ത്തകന്‍ സി നാരായണന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ബിജെപി പ്രവര്‍ത്തകരായ പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് കേസ്. തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസുപുരം സ്വദേശികളായ ഷാന്റോ, ജിത്തു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

This post was last modified on December 27, 2016 3:21 pm