X

പോണ്ടിച്ചേരി സര്‍വ്വകലാശാല മാഗസിന്‍; നിരോധന തിട്ടൂരവുമായി സംഘപരിവാര്‍

അഴിമുഖം പ്രതിനിധി

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി കൗണ്‍സില്‍ പുറത്തിറക്കിയ മാഗസിന്റെ വിതരണം സര്‍വ്വലാശാല അധികൃതര്‍ തടഞ്ഞു. ഇതുകൂടാതെ മാഗസിന്റെ 4000 കോപ്പികള്‍ സൂക്ഷിച്ചിരുന്ന സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ മുറിയും അധികൃതര്‍ പൂട്ടി. കേന്ദ്ര സര്‍ക്കാരിനെതിരായ ലേഖനങ്ങള്‍ മാഗസിനിലുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നതെന്നും പ്രാഥമിക അന്വേഷണം നടത്തുമെന്നും അസിസ്റ്റന്റ് റജിസ്ട്രാര്‍ അറിയിച്ചു.

മാഗസിന്‍ പ്രസിദ്ധീകരണ കമ്മറ്റിയിലുള്ളവര്‍ എല്ലാം രാജ്യദ്രോഹികളാണെന്നുള്ള പോസ്റ്ററുകള്‍ ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ പതിച്ചിട്ടുണ്ട്. ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും മാഗസിനെതിരെ രംഗത്തു വന്നുവെന്നും സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ വച്ച് മാഗസിന്റെ പ്രതികള്‍ കത്തിക്കുകയും ചെയ്തുവെന്ന് അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്റെ പ്രവര്‍ത്തകര്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പറയുമ്പോഴും മാനവവിഭവശേഷി മന്ത്രാലയവും ഗവര്‍ണര്‍ കിരണ്‍ ബേദിയും സര്‍വ്വകലാശാല അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്.

പ്രതിരോധം എന്ന് അര്‍ഥം വരുന്ന വൈഡ്‌സ്റ്റാന്‍ഡ് എന്ന പേരിലാണ് വാര്‍ഷിക മാഗസിന്‍ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയത്. ക്യാമ്പസില്‍ അരങ്ങേറിയ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്കും വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തിനും എതിരെയുള്ള അധികാരികളുടെ നിര്‍ദ്ദയ സമീപനത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ ഐക്യമായിരുന്നു മാഗസിന്റെ ഉള്ളടക്കമെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. രോഹിത് വെമുലയുടെ മരണത്തെ ‘സ്ഥാപന കൊല’യായി (institutional muder) മാഗസിനില്‍ ചിത്രീകരിച്ചതും സംഘപരിവാര്‍ ശക്തികളുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

‘ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്താന്‍ മാത്രമാണ് മാഗസിനിലൂടെ ശ്രമിച്ചത്’,  സ്റ്റുഡന്റ് എഡിറ്റര്‍ അഞ്ജലി ഗംഗ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ രംഗത്ത്  സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ വിലയിരുത്താനും ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

പോണ്ടിച്ചേരി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല വഹിക്കുന്ന അനൈസ ബഷീര്‍ ഖാന്റെയും ഹൈദരാബാദ് സര്‍വ്വകലാശാലയിലെയും പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെയും വിദ്യാര്‍ഥി ക്ഷേമ വകുപ്പ് അധ്യക്ഷന്റെയും സാന്നിദ്ധത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മാഗസിന്‍ പുറത്തിറക്കിയത്.

മാഗസിന്റെ വിലക്കിനെതിരെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തെയും അണിനിരത്തി വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്റെ തീരുമാനം. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മാഗസിന്‍ പുറത്തിറക്കുന്നത്. എസ്എഫ്‌ഐ – എഎസ്എ സംയുക്ത യൂണിയനാണ് സര്‍വ്വകലാശാല ഭരിക്കുന്നത്.  

മാഗസിന്‍ വായിക്കാന്‍ ഇവിടെ ചെയ്യുക

This post was last modified on December 27, 2016 4:31 pm