X

പോണ്ടിച്ചേരി സര്‍വകലാശാല വിസിയുടെ പിഎച്ച്ഡി വ്യാജം

അഴിമുഖം പ്രതിനിധി

പോണ്ടിച്ചേരി സര്‍വകലാശാല വിസി ഗുരുതരമായ അക്കാദമിക തട്ടിപ്പുകള്‍ നടത്തിയെന്ന് വിസിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച വസ്തുതാ അന്വേഷണ കമ്മിറ്റി കണ്ടെത്തി. ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലുള്ള വിസി ചന്ദ്ര കൃഷ്ണമൂര്‍ത്തിക്ക് രാഷ്ട്രപതി ഓഗസ്ത് 21-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ആറ് കുറ്റങ്ങളാണ് വിസിക്ക് എതിരെയുള്ളത്. ശ്രീലങ്കയിലെ സര്‍വകലാശാലയില്‍ നിന്നുള്ള അവരുടെ പിഎച്ച്ഡി വ്യാജം എന്നത് കൂടാതെ ഒരു പുസ്തകം മാത്രമാണ് അവര്‍ എഴുതിയിട്ടുള്ളതെന്നും കമ്മിറ്റി കണ്ടെത്തി. ഈ സര്‍വകലാശാല തന്നെ വ്യാജ സര്‍വകലാശാലയാണ്. മൂന്ന് പുസ്തകങ്ങള്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ ഒമ്പത് പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ ഗൈഡ് ആയിരുന്നു. 25 പേപ്പറുകള്‍ എഴുതിയിട്ടുണ്ട് എന്ന വാദവും പൊളിഞ്ഞു. ഒരു പേപ്പര്‍ മാത്രമാണ് അവര്‍ എഴുതിയിട്ടുള്ളത്. അതും 75 ശതമാനവും കോപ്പിയടിയുമാണ്. പോണ്ടിച്ചേരി സര്‍വകലാശാലയുടെ വിസി ആകുന്നതിന് മുമ്പ് അവര്‍ പ്രൊഫസര്‍ പദവി വഹിച്ചിരുന്നുവെന്ന അവകാശവും തെളിയിക്കപ്പെട്ടില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2013-ലാണ് പോണ്ടിച്ചേരി സര്‍വകലാശാലയുടെ ആദ്യ വനിതാ വിസിയായി ചന്ദ്രാ കൃഷ്ണമൂര്‍ത്തി നിയമിതയായത്. വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. പഞ്ചാബ് സര്‍വകലാശാലയുടെ മുന്‍ വിസി ജയ് രൂപ് സിംഗ്, മുന്‍ ഉദ്യോഗസ്ഥയായ നിതാ ചൗധരി, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായ കെ എന്‍ ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ ആണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ചന്ദ്രാ കൃഷ്ണമൂര്‍ത്തി അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രപതിയുടെ കാരണം കാണിക്കല്‍ നോട്ടീസിനും മറുപടി നല്‍കാതെ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് സമ്പാദിച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 3:24 pm