X

കനക: 12 വര്‍ഷം ബാലവേലയുടെ ഇര; നവംബര്‍ 20 ന് ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

കനകയുടെ ഈ പ്രചോദനപരമായ കഥയാണ് യുനിസെഫിന്റെ ശ്രദ്ധയിലേക്ക് അവളെ കൊണ്ടെത്തിക്കുന്നതും പാര്‍ലമെന്റിലെ പരിപാടിയില്‍ പങ്കാളിയാക്കുന്നതും

കനക വി, 17 വയസുള്ള ബെംഗളൂരൂ പെണ്‍കുട്ടി. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി. നവംബര്‍ 20, അന്താരാഷ്ട്ര ശിശു ദിനമായ നവംബര്‍ 20 ന് കനക ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കും. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്കൊപ്പമാണ് കനകയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനുള്ളില്‍ എട്ടു മിനിട്ട് നേരം തന്റെ ശബ്ദം മുഴക്കുന്നത്.

ഇതാദ്യമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി ഇത്രയും കുട്ടികള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. അന്താരാഷ്ട്ര ശിശു ദിനത്തോടനുബന്ധിച്ച് യുനിസെഫിന്റെ ആഭിമുഖ്യത്തിലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളിലേക്ക് കനക കയറി ചെല്ലുമ്പോള്‍ അവളെയോര്‍ത്ത് നമുക്കെല്ലാം അഭിമാനിക്കാം. കാരണം, കനക ഒരു കറുത്ത യാഥാര്‍തഥ്യത്തിന്റെ പ്രതീകമാണ്. പന്ത്രണ്ടു കൊല്ലം ബാലവേലയുടെ കഠിനതകളില്‍പ്പെട്ടുപോയ ജീവിതമായിരുന്നു കനകയുടേത്.

ബെംഗളൂരുവിലെ ഒരു ചേരിയിലായിരുന്നു കനക ജനിച്ചത്. രോഗിയായ അച്ഛന്‍. പല വീടുകളിലായി വീട്ടു ജോലികള്‍ ചെയ്ത് അമ്മയായിരുന്നു കുടുംബം പോറ്റിയിരുന്നത്. കിട്ടുന്ന വരുമാനത്തില്‍ നിന്നും ഒരു പങ്ക് മിച്ചം പിടിച്ച് ആ അമ്മ കനകയെ സ്‌കൂളില്‍ അയിച്ചിരുന്നു. എന്നാല്‍ കനകയുടെ ജീവിതത്തില്‍ വലിയ തിരിച്ചടി നല്‍കി അവളുടെ അമ്മയെ കാന്‍സര്‍ പിടികൂടി. അതോടെ അവസാനിച്ചത് കനകയുടെ സ്‌കൂള്‍ ജീവിതം കൂടിയായിരുന്നു.

വൈകാതെ കനകയുടെ അമ്മ മരിച്ചു. തുടര്‍ന്നവള്‍ ബന്ധുക്കളുടെ സംരക്ഷണയിലായി. സംരക്ഷണം എന്നു പറയാന്‍ കഴിയില്ല. അവര്‍ക്ക് അവള്‍ പണിയെടുക്കാനുള്ള ഉപകരണം മാത്രമായിരുന്നു. നാലാം ക്ലാസ് പ്രായം മാത്രമുള്ള ആ പെണ്‍കുട്ടി അങ്ങനെ വീട്ടു ജോലിക്കാരിയായി മാറി. അമ്മയെ പോലെ പല പല വീടുകളില്‍ മാറി മാറി പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ആ വീടുകളില്‍ നിന്നെല്ലാം ശാരീരികമായും മാനസികമായും പീഢനങ്ങളും ആ കൊച്ചു പെണ്‍കുട്ടി ഏറ്റു വാങ്ങേണ്ടി വന്നു.

വര്‍ഷങ്ങളോളം ഏല്‍ക്കേണ്ടി വന്ന പീഢനങ്ങള്‍ക്ക് അറുതിയായി ഒരു ദിവസം കനകയുടെ ജീവിതത്തില്‍ പുലര്‍ന്നു. 2011 ല്‍ യശ്വന്ത്പൂരിലെ ഒരു വിവാഹ ചടങ്ങിനിടയിലാണ് ജോലി ചെയ്തു കൊണ്ടിരുന്ന കനകയെ ‘സ്പര്‍ശ’യുടെ പ്രവര്‍ത്തകര്‍ കണ്ടു മുട്ടുന്നത്. ബാലവേലയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയിരുന്നു സ്പര്‍ശ. അവര്‍ കനകയെ ഏറ്റെടുത്തു. സ്‌കൂളില്‍ അയച്ചു. തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആ ജീവിതം സ്പര്‍ശയുടെ പ്രവര്‍ത്തകര്‍ അവള്‍ക്ക് നല്‍കി. പത്താം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് നേടിയാണ് കനക വിജയിച്ചത്. ഒരു ശാസ്ത്രജ്ഞയാകണം എന്നതാണ് ലക്ഷ്യം. അതിനായുള്ള കഠിനശ്രമത്തിലാണ് കനകയിപ്പോള്‍.

കനകയുടെ ഈ പ്രചോദനപരമായ കഥയാണ് യുനിസെഫിന്റെ ശ്രദ്ധയിലേക്ക് അവളെ കൊണ്ടെത്തിക്കുന്നതും പാര്‍ലമെന്റിലെ പരിപാടിയില്‍ പങ്കാളിയാക്കുന്നതും. ഇന്ത്യയിലെ ബാലവേലയെ കുറിച്ചായിരിക്കും നവംബര്‍ 20ന് രാജ്യത്തിന്റെ നിയമനിര്‍മാണ അധികാരികളെ നോക്കി കനക സംസാരിക്കുക.

ബാലാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ പലതരം നിയമങ്ങളുണ്ട്. പക്ഷേ അവയൊന്നും തന്നെ ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ല. ഈ കാര്യമാണ് പാര്‍ലമെന്റില്‍ ഞാന്‍ പറയാന്‍ പോകുന്നതും; കനക ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് വ്യക്തമാക്കുന്നു.

നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമീണമേഖലയിലാണ് കുട്ടികള്‍ കൂടുതലായും ബാലവേലയ്ക്ക് ഇരയാക്കപ്പെടുന്നതും അതിന്റെ ക്രൂരതകള്‍ അനുഭവിക്കുന്നതെന്നുമാണ് കനക ചൂണ്ടിക്കാണിക്കുന്നത്. നഗരങ്ങളില്‍ ഉള്ളതുപോലെ ബാലാവകാശ സംരക്ഷണ സംഘടനകളോ സംവിധാനങ്ങളോ ഗ്രാമങ്ങളില്ലെന്നതാണ് ഇതിനു കാരണമെന്നും കനക പറയുന്നു.

കാമാതിപുര എന്റെ വീടാണ്, പക്ഷേ ഇവിടെയാരും എന്നെ ആക്രമിച്ചിട്ടില്ല

This post was last modified on November 16, 2017 1:17 pm