X

മുതലകള്‍ നിറഞ്ഞ പുഴയിലൂടെ ഒറ്റയ്ക്ക് തോണി തുഴഞ്ഞ് പോകുന്ന നഴ്‌സ്

ദന്തേവാദയിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ പെട്ട ഗ്രാമങ്ങളില്‍ വൈദ്യ സഹായമെത്തിക്കാനാണ് സുനിത എന്നും തോണിയില്‍ ഇന്ദ്രാവതി നദി മുറിച്ചുകടക്കുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികളടക്കമുള്ള സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി.

ബാല്യത്തില്‍ മുതലുകളോടൊപ്പം നീന്തിത്തുടിച്ച വീര നായകന്മാരുടെ തള്ള് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മുതലകള്‍ നിറഞ്ഞ പുഴയിലൂടെ എന്നും തോണി തുഴഞ്ഞ് പോകുന്ന ഒരു യുവതിയുണ്ട് ഛത്തീസ്ഗഡില്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി എല്ലാ ദിവസവും സുനിത ഠാക്കൂര്‍ ഇത് ചെയ്തുവരുന്നു. എഎന്‍ഐയാണ് സുനിതയുടെ സാഹസിക യാത്രയെക്കുറിച്ച് പറയുന്നത്.

ദന്തേവാദയിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ പെട്ട ഗ്രാമങ്ങളില്‍ വൈദ്യ സഹായമെത്തിക്കാനാണ് സുനിത എന്നും തോണിയില്‍ ഇന്ദ്രാവതി നദി മുറിച്ചുകടക്കുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികളടക്കമുള്ള സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി. അക്കരെ എത്തിയ ശേഷം കാട്ടിലൂടെ നടന്ന് ചെര്‍പല്‍ ഗ്രാമത്തിലെത്തും. തോണിയാത്രയും കാല്‍ നട യാത്രയുമായി അപകടകരമായ എട്ട് – പത്ത് കിലോമീറ്റര്‍ എല്ലാ ദിവസവും. ഒരു തവണ മാവോയിസ്റ്റുകള്‍ സുനിതയെ വളഞ്ഞ് ബന്ദിയാക്കുകയും ചെയ്തിരുന്നു. തന്‍റെ ഈ അപകടകരമായ ദൈനംദിന യാത്ര നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സുനിത എഎന്‍ഐയോട് പറഞ്ഞത്. സുനിതയുടെ ധീരതയെ ആദരിക്കുന്നതായും മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാന്‍ ഇവിടെ നദിക്ക് കുറുകെ പാലം നിര്‍മ്മിക്കുമെന്നുമാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.

This post was last modified on March 11, 2018 1:41 pm