X

ദാരിദ്ര്യം കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

അഴിമുഖം പ്രതിനിധി

കേരളത്തിലെ ആദിവാസി മേഖലയിലെ ശിശുമരണ നിരക്കിനെ സോമാലിയയിലേതിനോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവും ഒട്ടും കുറവല്ല. പ്രധാനമന്ത്രി ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ഗുജറാത്ത് മാതൃക പൊളിയാണെന്ന് മനസ്സിലാക്കാന്‍ 2015 മാര്‍ച്ചില്‍ സംസ്ഥാന നിയമ സഭയില്‍ വനിത ശിശു ക്ഷേമ മന്ത്രി വസുബെന്‍ ത്രിവേദി സമര്‍പ്പിച്ച കണക്കുകള്‍ മാത്രം മതിയാകും.

സംസ്ഥാനത്ത് 6.5 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. കോണ്‍ഗ്രസ് അംഗമായ തേജശ്രീ പട്ടേലിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് വസുബെന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

വഡോദര ജില്ലയിലാണ് പോഷകാഹാര കുറവ് അനുഭവിക്കുന്ന ഏറ്റവും കൂടുതല്‍ കുട്ടികളുണ്ടായിരുന്നത്. സൂറത്തും പഞ്ചമഹലും അഹമ്മദാബാദും പിന്നാലെയുണ്ടായിരുന്നു.

അതുപോലെ തന്നെ സി രംഗരാജന്‍ നേതൃത്വം വഹിച്ച വിദഗ്ദ്ധ സമതിയുടെ 2014-ലെ കണ്ടെത്തലുകളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളിലെ ദാരിദ്ര്യം വരച്ചു കാട്ടുന്നതാണ്. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ്. മധ്യപ്രദേശില്‍ 44 ശതമാനവും ഛത്തീസ്ഗഢില്‍ 47.9 ശതമാനവും. രാജ്യത്തെ ദരിദ്രരെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയായിരുന്നു അത്. ഗുജറാത്തിലാകട്ടെ 27.4 ശതമാനം വരും. അതായത് ദേശീയ ശരാശരിയായ 29.5 ശതമാനത്തിന്റെ അടുത്തും മുകളിലുമാണ് ഈ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം.

ഗോവ (6.3 ശതമാനം), ഹിമാചല്‍ പ്രദേശ് (10.9 ശതമാനം), കേരളം(11.3 ശതമാനം), ഹരിയാന (12.5 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം കുറവുള്ളത്. 

 

This post was last modified on December 27, 2016 4:09 pm