X

യുഎഇ നിയമത്തില്‍ ഇളവ് വരുത്തി, ഹിന്ദു മുസ്ലീം ദമ്പതികളുടെ കുട്ടിക്ക് ഇതാദ്യമായി ജനന സര്‍ട്ടിഫിക്കറ്റ്

10 മാസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യുഎഇ തീരുമാനിച്ചത്.

യുഎഇയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങള്‍ക്ക് ഇളവ് വരുത്തി സര്‍ക്കാര്‍ ഇതാദ്യമായി ഹിന്ദു മുസ്ലീം ദമ്പതികളുടെ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി. മലയാളികളായ കിരണ്‍ബാബു, സനാം സാബു സിദ്ദീഖ് ദമ്പതികളുടെ മകള്‍ക്കാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

യുഎഇയിലെ വിദേശികളായവര്‍ക്കുള്ള വിവാഹ നിയമം അനുസരിച്ച് ഒരു മുസ്ലീം പുരുഷന് അന്യ മതസ്ഥയായ സ്ത്രീയെ വിവാഹം കഴിക്കാം. എന്നാല്‍ മുസ്ലീം സ്ത്രീക്ക് അന്യമതസ്ഥനായ പുരുഷനെ വിവാഹം കഴിക്കാന്‍ പാടില്ല. ഈ വ്യവസ്ഥയാണ് കിരണ്‍ ബാബുവിനെയും സനാം സാബുവിനെയും മാസങ്ങളോളം കുഴപ്പത്തിലാക്കിയത്.

2016 ലാണ് ഇവര്‍ കേരളത്തില്‍വെച്ച് വിവാഹിതരായത്. 2018 ജൂലൈയില്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. ഹിന്ദുവായത് കാരണം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നിഷേധിക്കുകയായിരുന്നുവെന്ന് കിരണ്‍ ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കോടതിയില്‍ നോണ്‍ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് സമീപിച്ചെങ്കിലും തള്ളികളയുകയായിരുന്നു.

പിന്നീടാണ് യുഎഇ സഹിഷ്ണുത വര്‍ഷം ആചരിക്കുന്നതിന്റെ ഇളവുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. സഹിഷ്ണുതയുടെയും വിവിധ സംസ്‌ക്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതിന്റെയും കാര്യത്തില്‍ സഹിഷ്ണുതയുളള രാജ്യമാണ് യുഎഇ യെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹിഷ്ണുത വര്‍ഷം ആചരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇളവ് ലഭിക്കാന്‍ കിരണ്‍ ബാബുവിനെ ഇന്ത്യന്‍ എംബസി അധികൃതരും സഹായിച്ചു. ആദ്യം ഔട്ട് പാസ് നല്‍കി കിരണ്‍ബാബുവിനെയും കുടുംബത്തേയും നാട്ടിലേക്ക് അയക്കാന്‍ എംബസി ശ്രമിച്ചെങ്കിലും കുട്ടിക്ക് രേഖകളൊന്നുമില്ലാത്തതിനാല്‍ നടന്നില്ല.

പിന്നീടാണ് ഒരു പ്രത്യേക കേസ് എന്ന നിലയില്‍ നീതിന്യായ വകുപ്പ് കിരണ്‍ബാബുവിന്റെ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഏപ്രില്‍14 ന് ഇവരുടെ മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

നീതിന്യായ വകുപ്പിന്റെ തീരുമാനം കുടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ എംബസി.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

* ചിത്രം- സനാം സാബു സിദ്ദീഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

This post was last modified on April 29, 2019 8:57 am