X

വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കുവൈറ്റ് ഗതാഗത വിഭാഗം റദ്ദാക്കി

അനധികൃതമായി നേടിയ 37,000 വിദേശികളുടെ ലൈസന്‍സുകളാണ് പരിശോധനയില്‍ പിടികൂടി റദ്ദാക്കിയത്.

കുവൈറ്റില്‍ ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഗതാഗത വിഭാഗം റദ്ദാക്കി. അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്. അനധികൃത ലൈസന്‍സുകള്‍ കണ്ടെത്തുന്നതിന് പരിശോധനകള്‍ ഗതാഗത വിഭാഗം കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അനധികൃതമായി നേടിയ 37,000 വിദേശികളുടെ ലൈസന്‍സുകളാണ് പരിശോധനയില്‍ പിടികൂടി റദ്ദാക്കിയത്. നിലവിലുള്ള ഗതാഗത നിയമം മറികടന്ന് അനധികൃത മാര്‍ഗങ്ങളിലൂടെ 2015 മുതല്‍ 2018 കാലഘട്ടത്തില്‍ സമ്പാദിച്ചവയാണ് ഗതാഗത വിഭാഗം റദ്ദാക്കിയത്. ലൈസന്‍സ് നേടിയ ശേഷം തൊഴില്‍ തസ്തിക മാറിയ വിദേശികളുടെ ലൈസന്‍സിന് നിയമ സാധുതയുണ്ടാകില്ല. പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മിനിമം 600 ദിനാര്‍ ശമ്പളവും, സര്‍വകലാശാല ബിരുദം, അനുയോജ്യമായ തൊഴില്‍ തസ്തിക കൂടാതെ കുവൈത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസം എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നാല്‍ ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നേടിയവരുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായാണ് വിവരം.