X

ഷാര്‍ജയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം കവരുന്ന അക്രമി അറസ്റ്റില്‍

ഒരുദിവസം തന്നെ നിരവധി പെട്രോള്‍ പമ്പുകളില്‍ ഇതേ രീതിയില്‍ അക്രമം നടത്തിയ ഇയാളെ കൃത്യം നടത്തി രണ്ട് മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തത്

പെട്രോള്‍ പമ്പ് ജീവനക്കാരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി പണം കവരുന്ന അക്രമിയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 28കാരനായ ഈജിപ്ഷ്യന്‍ പൗരനാണ് അറസ്റ്റിലായത്. ഒരുദിവസം തന്നെ നിരവധി പെട്രോള്‍ പമ്പുകളില്‍ ഇതേ രീതിയില്‍ അക്രമം നടത്തിയ ഇയാളെ കൃത്യം നടത്തി രണ്ട് മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തത്.

ഫോണ്‍ സന്ദേശത്തെക്കുറിച്ച് അക്രമിയെക്കുറിച്ച് സൂചന ലഭിച്ച പോലീസ് ഇയാളെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. ഷാര്‍ജയിലെ മുവ്മിലിയയില്‍ നിന്നാണ് അറസ്റ്റ്. ഇവിടെയും അക്രമം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായതെന്ന് ഷാര്‍ജ പോലീസ് സിഐഡി ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജില്‍ അറിയിച്ചു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പമ്പ് ജീവനക്കാരില്‍ നിന്നും ഇയാള്‍ അപഹരിച്ച പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു. പോലീസിനെ വഴിതെറ്റിക്കാന്‍ ഇയാല്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ കുറ്റംസമ്മതിച്ച ഇയാളെ പൊതുവിചാരണയ്ക്ക് വിട്ടു. നിരവധി മലയാളികളും ഷാര്‍ജയിലെ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം മലയാളികള്‍ ആരെങ്കിലും അക്രമിക്കപ്പെട്ടോയെന്ന് വ്യക്തമായിട്ടില്ല.