X

പ്രവാസികാര്യമന്ത്രാലയത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട; സുഷമ സ്വരാജ്

അഴിമുഖം പ്രതിനിധി

പ്രവാസികാര്യ മന്ത്രാലത്തെ വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ചത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ നടത്താനാണെന്നും ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ഏറെ വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഉയര്‍ന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അവര്‍ വ്യക്തമാക്കിയത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു കൊണ്ടായിരുന്നു.

ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ പ്രവാസി ഇന്ത്യക്കാരെ ക്ഷണിച്ച സുഷമ , പ്രധാനമന്ത്രിയുടെ സ്വപ്‌നമായ വിദേശ ഇന്ത്യക്കാര്‍ക്കും ആധാര്‍ കാര്‍ഡ് എന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അറിയിച്ചു. ഇപ്പോള്‍ രാജ്യത്തുള്ള 92 കോടി ജനങ്ങള്‍ക്കും ആധാര്‍ ലഭ്യമാക്കിയ വിവരവും മന്ത്രി പങ്കുവച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കണമെന്നും സ്‌കില്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളില്‍ പങ്കു ചേരണമെന്നും പ്രവാസികളോട് വിദേശകാര്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏറെ ചൂഷണങ്ങള്‍ നടക്കുന്ന വിദേശത്തെ സ്ത്രീജോലിക്കാരുടെ കാര്യത്തില്‍ കേന്ദ്രം കൂടുതല്‍ കരുതലെടുക്കുമെന്നും സ്ത്രീകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്‌ ജോലിക്കായി പോകുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നു വനിതകളെ രക്ഷിക്കുന്ന ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.

This post was last modified on December 27, 2016 3:31 pm