X
    Categories: പ്രവാസം

വിദേശത്തു നിന്നും തിരിച്ചു വരവ് കൂടുന്നു; ഒപ്പം പണത്തിന്റെ വരവും: കാരണം എന്ത്?

2018ല്‍ ഈ വര്‍ദ്ധനവ് ഉണ്ടാവില്ല എന്നാണ് കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംഘടനകള്‍ പറയുന്നത്

ആഗോള തലത്തില്‍ എണ്ണ വില ഉയരുന്നതും ഉത്തര അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ സാമ്പത്തിക ശക്തി പ്രാപിക്കുന്നതും ആണ് ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ പണം വരാന്‍ കാരണം എന്ന് ലോക ബാങ്ക് ഉദ്യോഗസ്ഥന്‍.

ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. 69 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വരുമാനം. ചൈനയാണ് രണ്ടാം സ്ഥാനത്ത് (64 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (33 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ലോകത്താകെ ഇത്തരത്തില്‍ പണമയയ്ക്കുന്നതില്‍ ഏഴ് ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകബാങ്ക് പറയുന്നു.

എണ്ണ വില ശക്തി പ്രാപിക്കുന്നതും ഗള്‍ഫ് മാത്രം അല്ലാതെ തന്നെ യുറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യക്കാര്‍ കുടിയേറുന്നതും ആണ് വര്‍ധനയ്ക്കു കാരണം എന്ന് ലോക ബാങ്ക് ഉദ്യോഗസ്ഥന്‍ ദിലീപ് രാത അഴിമുഖത്തോടു പറഞ്ഞു. 2016ല്‍ 573 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2017ല്‍ 613 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എണ്ണവിലയിലെ വര്‍ദ്ധനവും യൂറോയുടേയും റൂബിളിന്റേയും മൂല്യം ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട് എന്നാണ് ലോകബാങ്ക് പറയുന്നത്. ലോക ബാങ്ക് റിപ്പോര്‍ട്ടിലെ കുടിയേറ്റവും വികസനവും എന്ന ഭാഗത്താണ് ഇത് പറയുന്നത്. എന്നാല്‍ 2018ല്‍ ഈ വര്‍ദ്ധനവ് ഉണ്ടാവില്ല എന്നാണ് കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംഘടനകള്‍ പറയുന്നത്.

ആഴ്ചയില്‍ 500 പേരെങ്കിലും ജോലി നഷ്ടപ്പെട്ട് സൗദിയില്‍ നിന്നും തിരിച്ചു വരുന്നുണ്ട് എന്ന് മിനി മോഹന്‍ പറഞ്ഞു. തീര്‍ച്ചയായും 2018ല്‍ ഈ വര്‍ദ്ധനവ് പ്രതീക്ഷക്കേണ്ട എന്നും മിനി കൂട്ടിച്ചെര്‍ത്തു. 2018ല്‍ പണമയയ്ക്കുന്നതില്‍ 4.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാവും. ആഗോള തലത്തിലും പ്രവാസി പണ വിനിമയത്തില്‍ 4.6 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു. മിഡില്‍ ഈസ്റ്റിലേയ്ക്കും നോര്‍ത്ത് ആഫ്രിക്കയിലേയ്ക്കുമുള്ള റെമിറ്റന്‍സില്‍ 9.3 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈജിപ്തിലേയ്ക്കാണ് ഏറ്റവുമധികം പണമൊഴുകുന്നത്. അതേസമയം സൗദിയില്‍ തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സബ്സിഡികള്‍ വെട്ടിക്കുറച്ചതും വിവിധ ഫീസുകളിലെ വര്‍ദ്ധനവും പല ഗള്‍ഫ് രാജ്യങ്ങളും മൂല്യവര്‍ദ്ധിത നികുതി കൊണ്ടുവന്നതും പ്രവാസി തൊഴിലാളികളുടെ ജീവിത ചെലവ് കൂട്ടിയിട്ടുണ്ട്.

യുഎഇയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതില്‍ 35.2 ശതമാനവും ഇന്ത്യയിലേയ്ക്കാണ്. അതേസമയം യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പണ വിനിമയം ശക്തമായി തുടരുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള റെമിറ്റന്‍സില്‍ കുറവുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on April 25, 2018 4:22 pm