X

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് ഇന്ന് ശിലാസ്ഥാപനം

അബു മുറൈഖയിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും ചടങ്ങുകള്‍

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഇന്ന് നടക്കും. അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കുന്നത്. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടിന്  ചടങ്ങുകള്‍ ആരംഭിക്കും. രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശിലയാണ് സ്ഥാപിക്കുന്നത്.

അബു മുറൈഖയിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ട് മുതലാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവശനം. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മിക്കുക. പ്രാര്‍ത്ഥനാകേന്ദ്രമെന്നതിലുപരി പൗരാണിക ഗ്രന്ഥങ്ങളുള്‍പ്പെടെ അപൂര്‍വങ്ങളായ പുസ്തകങ്ങളുടെ ശേഖരമുള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി സമുച്ചയത്തോട് കൂടിയായിരിക്കും നിര്‍മാണം. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്ര നിര്‍മാണത്തിന് എഴുന്നൂറു കോടിരൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്ഷേത്രം അറബ് മേഖലയിലെ സാംസ്‌കാരിക കേന്ദ്രം കൂടിയായിരിക്കും. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.