X

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം

അഴിമുഖം പ്രതിനിധി

ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

സംസ്ഥാനത്തെ ഒമ്പത് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഉണ്ടായ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കൃഷ്ണകാന്ത് പോള്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അടിയന്തരയോഗത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

തിങ്കളാഴ്ച ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇന്നലെ ഹരീഷ് റാവത്ത് തങ്ങള്‍ക്കു പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ വിമത എംഎല്‍എമാര്‍ പുറത്തുവിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ തനിക് അനുകൂലമായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് റാവത്ത് പണം വാഗ്ദാനം ചെയ്തത് എന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു.

എന്നാല്‍ വീഡിയോ വ്യാജമാണെന്നും, പണത്തിനുവേണ്ടി വിമത എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണെന്നും ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നടപടി അനവസരത്തിലും, തിടുക്കത്തിലും ആണെന്ന് ആരോപിച്ചു കോണ്ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

This post was last modified on December 27, 2016 3:53 pm