X

കണ്ടക്ടറുടെ ശല്യം സഹിക്കാനാകാതെ ബസിന്റെ താക്കോലുമായി വിദ്യാര്‍ത്ഥിനി ഇറങ്ങി ഓടി

പെണ്‍കുട്ടിയുടെ വേറിട്ട രീതിയിലെ പ്രതിഷേധം ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്

(representative image)

ബസ് ജീവനക്കാരന്റെ കളിയാക്കലും അസഭ്യം വിളിയും സഹിക്കാനാകാതെ വന്നപ്പോള്‍ വിദ്യാര്‍ത്ഥിനി ഡ്രൈവറിന്റെ കാബിനില്‍ കയറി താക്കോല്‍ എടുത്തുകൊണ്ട് ഓടി. സംഭവം വിവാദമായതോടെ കണ്ടക്ടര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

കാസര്‍കോഡ് ബദിയടുക്ക-മുണ്ട്യത്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ജോലി നഷ്ടപ്പെട്ടത്. ജീവനക്കാരന്റെ കളിയാക്കലും അസഭ്യം വിളിയും സ്ഥിരമായപ്പോഴാണ് വിദ്യാര്‍ത്ഥിനി വേറിട്ട രീതിയില്‍ പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെ പോകുമ്പോള്‍ തന്നെ ജീവനക്കാരന് ഇനി ഉപദ്രവിച്ചാല്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് കൊടുത്തിരുന്നു.

എന്നാല്‍ വൈകുന്നേരം തിരിച്ചുവരാന്‍ നേരത്തും ജീവനക്കാരന്‍ ചീത്തവിളിക്കുകയായിരുന്നു. ഇറങ്ങുന്നതിന് മുമ്പ് ക്ഷമാപണം നടത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് വീണ്ടും കളിയാക്കിയതോടെയാണ് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഡ്രൈവിംഗ് ക്യാബിനില്‍ കയറി താക്കോലെടുത്ത് കൊണ്ട് പെണ്‍കുട്ടി ഓടിയത്.

നാട്ടുകാരോട് പെണ്‍കുട്ടി വിവരങ്ങളെല്ലാം വിശദീകരിച്ചതോടെ അവര്‍ പോലീസിനെ വിളിച്ചു. ബദിയടുക്ക പോലീസെത്തി ജീവനക്കാരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. നാട്ടുകാരും പിന്നാലെ സ്റ്റേഷനിലെത്തി. ജീവനക്കാരന്റെ കണ്ണീരോടെയുള്ള ക്ഷമാപണം കൂടിയായപ്പോള്‍ ശിക്ഷ ജോലി തെറിക്കലില്‍ ഒതുക്കുകയായിരുന്നു. ഇനി ജോലിയ്ക്ക് കയറേണ്ടെന്ന് ബസുടമ കര്‍ശനമായി പറയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ സമ്മതത്തോടെ താക്കീത് നല്‍കി കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. വൈകുന്നേരം നാലര മണിക്ക് തുടങ്ങിയ തര്‍ക്കം പരിഹരിച്ചപ്പോഴേക്കും രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. എന്തായാലും പെണ്‍കുട്ടിയുടെ വേറിട്ട രീതിയിലെ പ്രതിഷേധം ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്.