X

ഷാജി ജേക്കബിന് മർദ്ദനമേറ്റ സംഭവം: കാരണം വിദ്യാര്‍ഥിനികളുടെ ഫോട്ടോ എടുത്തത്

അഴിമുഖം പ്രതിനിധി

സംസ്‌കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകൻ ഡോ ഷാജി ജേക്കബ് വിദ്യാർത്ഥികളുടെ മർദനമേറ്റു ആശുപത്രിയിൽ. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം കൂടിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പേരിലായിരുന്നു സ്റ്റാഫ് റൂമിൽ കയറി ഷാജി ജേക്കബിനെ മർദ്ദിച്ചത് . കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു പുറത്തു നിൽക്കുന്ന വിദ്യാർത്ഥികളുമായി വിദ്യാർത്ഥിനി കൂടിയായ  ഡി വൈ എഫ് ഐ നേതാവ് സംസാരിച്ചു  നിൽക്കുന്നത് അനുമതിയില്ലാതെ ഷാജി ജേക്കബ് മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതാണ് പ്രശ്നത്തിനു തുടക്കമായെന്നും ഷാജി ജേക്കബിനെ തുറവൂർ സെന്ററിൽ തുടർന്ന് പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ സി ടി വിനോദ് പറഞ്ഞു. കയ്യേറ്റത്തിന് ഇരയായ ഷാജി ജേക്കബിനെ തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഷാജി ജേക്കബിനെതിരെ സർവ്വകലാശാലയിൽ വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനും മുൻപാകെ പരാതി സമർപ്പിക്കുമെന്ന് സി ടി വിനോദ് പറഞ്ഞു. മറ്റൊരു വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഷാജി ജേക്കബിനെ തുറവൂർ കേന്ദ്രത്തിൽ പഠിപ്പിക്കാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടു എ ഐ എസ്  എഫ് പ്രവർത്തകർ സി ഡി ഓഫീസ് ഉപരോധിച്ചതിന്റെ പിന്നാലെ ആയിരുന്നു കയ്യേറ്റം. 

രജിസ്ട്രാർക്കും സർവകലാശാലയിലെ വനിതാ സെല്ലിലും ഷാജി ജേക്കബിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഷാജി ജേക്കബിന്റെ ഫോൺ പിടിച്ചെടുത്തു വിദ്യാര്‍ഥിനികളുടെ ഫോട്ടോ എടുത്തത് സൈബർ സെല്ലിനെ കൊണ്ട് പരിശോധിപ്പിക്കണം എന്ന് എസ് എഫ് ഐ ഏരിയ സെക്രട്ടറി ശ്രീകാന്ത് കെ ചന്ദ്രൻ ആവശ്യപ്പെട്ടു. 

 

This post was last modified on December 27, 2016 2:38 pm