X

മന്ത്രി അടൂര്‍ പ്രകാശിന് എതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്‌

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരികെ വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധമുള്ള കമ്പനിക്ക് പതിച്ചു നല്‍കിയ സംഭവത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് എതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. മന്ത്രിയെ കൂടാതെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് പരിശോധന നടത്തുന്നത്.

എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് 15 ദിവസത്തിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മാര്‍ച്ച് രണ്ട് മേത്ത ഇറക്കിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 127 ഏക്കര്‍ ഭൂമിയാണ് ആര്‍ എം ഇസെഡ് ഇക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഭൂമി നല്‍കിയത്. ഈ ഇടപാടിന് ചുക്കാന്‍ പിടിച്ചത് സന്തോഷ് മാധവനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2009-ല്‍ മിച്ചഭൂമിയായി സന്തോഷ് മാധവന്റെ കമ്പനിയുടെ പക്കല്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് തിരികെ പതിച്ചു നല്‍കിയത്.

കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.

This post was last modified on December 27, 2016 3:53 pm