X

ഒരു വിദ്യാര്‍ത്ഥിയുടെ റാഗിംഗ് അനുഭവങ്ങള്‍

വിഷ്ണു എസ് വിജയന്‍ 

വടകര എം എച്ച് ഇ എസ് കോളേജ് വിദ്യാര്‍ഥിനി ഹസ്‌നാസിന്റെ ആത്മഹത്യ വീണ്ടും നമ്മുടെ കലാലയങ്ങളില്‍ സംഭവിക്കുന്ന ‘അരുതായ്കകളെ’ക്കുറിച്ച് സജീവ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ നിരോധിച്ചതിന്റെ തിക്തഫലങ്ങളാണ് ഇവയെല്ലാം എന്ന് വിദ്യാര്‍ഥിസംഘടനകള്‍ ആണയിട്ട് പറയുന്നു.

സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളില്‍ തന്നെയാണ് ഇത്തരം വിദ്യാര്‍ഥി വിരുദ്ധ സംഭവങ്ങള്‍ കൂടുതലും അരങ്ങേറുന്നത്. വിദ്യാര്‍ഥികള്‍ കൃത്യ സമയത്ത് ഫീസ് അടച്ചില്ലെങ്കില്‍ രക്ഷകര്‍ത്താക്കളെ വിളിച്ചു വിരട്ടാനും യുണിഫോമും ടൈയും ഷൂസം ധരിച്ചില്ലെങ്കില്‍ ഫൈന്‍ അടപ്പിക്കാനും ക്ലാസ് കട്ട് ചെയ്‌തൊരു സിനിമയ്ക്ക് പോയാല്‍ വിശദീകരണം തേടാനും ഒക്കെ കാട്ടുന്ന വ്യഗ്രത മാനേജ്‌മെന്റ് ക്യാമ്പസിനുള്ളില്‍ റാഗിങ്ങ് എന്ന പേരില്‍ നടക്കുന്ന ആഭാസ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ കാട്ടാറില്ല എന്നത് സത്യം. ഇനി ഏതെങ്കിലും വിദ്യാര്‍ഥി പരാതിയുമായി ചെന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ കോളേജിന്റെ പ്രതിച്ഛായ നഷ്ടപ്പെടും എന്ന് പറഞ്ഞു ഒതുക്കി വിടാന്‍ ശ്രമിക്കും. അതിലും നടന്നില്ലെങ്കില്‍ ഇന്റെണല്‍ മാര്‍ക്ക് വേണ്ടേ? ജയിക്കണ്ടേ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു പേടിപ്പിച്ചു തിരിച്ചയക്കും.

റാഗിങ്ങ് വിഷയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ കലാലയ ജീവിതത്തിലെ ആദ്യ ദിവസങ്ങളിലേക്ക് ഈയുള്ളവന്റെയും ഓര്‍മ്മകള്‍ പോയതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. കേരളത്തിലെ എല്ലാ ഡിഗ്രീ വിദ്യാര്‍ഥികളെയും പോലെ ആദ്യ വര്‍ഷത്തെ പകുതി ദിനങ്ങളും പേടിയോടെ മാത്രം കോളേജില്‍ പോയിരുന്ന ഒരാളായിരുന്നു ഞാനും. കാരണം അഡ്മിഷന്‍ ലഭിച്ചത് റാഗിങ്ങ് കേസുകള്‍ക്ക് പഞ്ഞമില്ലാത്ത ഭൂതകാലമുണ്ടായിരുന്ന ഒരു സെല്‍ഫ് ഫിനാന്‍സ് കോളേജില്‍ ആയിരുന്നു.

മാധ്യമപ്രവര്‍ത്തനം പഠിച്ചാല്‍ മാത്രമേ ജീവിതം ധന്യമാകുകയുള്ളൂ എന്ന് തോന്നി നടന്ന കാലത്താണ് തിരുവനന്തപുരം ജില്ലയില്‍ മാധ്യമ പഠനം (ബിജെഎംസി- ബാച്ചിലര്‍ ഓഫ് ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യുണിക്കേഷന്‍) ഐച്ഛിക വിഷയമായുള്ള രണ്ടു കോളേജുകളില്‍ ഒന്നില്‍ മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നതും പോകാന്‍ തീരുമാനിക്കുന്നതും. വളരെ പ്രതീക്ഷയോടെയാണ് ആദ്യ ദിവസം ക്ലാസിലേക്ക് കയറി ചെല്ലുന്നത്. ഉള്ളില്‍ നല്ല ഭയവുമുണ്ട്. കോളേജിന്റെ കഴിഞ്ഞകാല കഥകള്‍ പല തരത്തില്‍ പലരും പറഞ്ഞു തന്നിരുന്നു. അതെല്ലാം കേട്ടുകൊണ്ടാണ് അങ്ങോട്ടേക്ക് കയറി ചെല്ലുന്നത്. നഗരത്തിരക്കുകളില്‍ നിന്നും മാറിയാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

പള്ളി ഗോപുരം പോലെയാണ് കോളേജ് ഗേറ്റ്. പറയത്തക്ക കലാലയ അന്തരീക്ഷം ഒന്നും തന്നെയില്ല. ആകെയുണ്ടായിരുന്നത് ഒരു വാകമരം ആയിരുന്നു. അതും ഞങ്ങള്‍ രണ്ടാം വര്‍ഷം ആയപ്പോള്‍ മുറിച്ചു കളഞ്ഞു. കഴുത്തറുപ്പന്‍ ഫീസ് വാങ്ങി കൂട്ടുന്ന സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ എത്രമാത്രം പരിതാപകരമാണ് എന്ന് ആ കോളേജിനെ മുന്നില്‍ നിര്‍ത്തി പറയാന്‍ സാധിക്കും.

ആദ്യ ദിവസം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ കടന്നു പോയി. ആദ്യ ആഴ്ചയും പ്രശ്‌നങ്ങള്‍ അധികം ഉണ്ടായില്ല. രണ്ടാമത്തെ ആഴ്ചയാണ് സീനിയേഴ്‌സ് അവധി കഴിഞ്ഞു എത്തിയത്. അന്നുമുതല്‍ ഉറങ്ങി കിടന്ന കോളേജ് ഉണര്‍ന്നു. എവിടെയും ബഹളവും തമാശകളും ഒക്കെ ആയി കുറേപ്പേര്‍ പാറി നടക്കുന്നു. ഞങ്ങള്‍ക്കും സന്തോഷം. കോളേജിന് ജീവന്‍ വച്ചല്ലോ. പക്ഷെ സന്തോഷം അധികം നീണ്ടു നിന്നില്ല.

ഡിപ്പാര്‍ട്ട്‌മെന്റിലെ ‘ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പരിചയപ്പെടല്‍’ രാവിലെ മുതല്‍ തന്നെ ആരംഭിക്കും. അധ്യാപകര്‍ ക്ലാസില്‍ വരുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. കുന്നിക്കുരു പെറുക്കിക്കലും പാട്ടുപാടിക്കലും ഒക്കെയായിരുന്നു ചേച്ചിമാരുടെ കലാപരിപാടികള്‍. അതൊക്കെ ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളു. പക്ഷെ ചേട്ടന്മാരാണ് പ്രശ്‌നക്കാര്‍. ഇടവേളകളില്‍ ടോയിലറ്റില്‍ പോകുക എന്നത് ഞങ്ങള്‍ക്ക് പേടിയായിരുന്നു. കാരണം ഒരു കൂട്ടര്‍ സ്ഥിരം അവിടെ ഉണ്ടാകും. ചെല്ലുന്ന ജൂനിയേഴ്‌സിന്റെ പക്കല്‍ നിന്നും പേഴ്‌സ് കടന്നെടുക്കും, പൈസ പിടിച്ചു വാങ്ങും. കൊടുത്തില്ലെങ്കില്‍ ടോയ്ലറ്റില്‍ പുഷപ് എടുക്കാന്‍ ഒരുങ്ങി വേണം പോകാന്‍.

അങ്ങനെ എന്റെ ദിവസവും വന്നെത്തി. ടോയിലറ്റില്‍ ഒറ്റയ്ക്ക് കയറി ചെന്ന എന്നെ അവര്‍ തടഞ്ഞു നിര്‍ത്തി. പൈസ തന്നെയാണ് ആവശ്യം. ഞാനത് കൊടുത്തില്ല. സത്യം പറഞ്ഞാല്‍ കൃത്യം വണ്ടിക്കൂലി അല്ലാതെ കയ്യില്‍ വേറെ ഒന്നും ഉണ്ടായിരുന്നില്ല. കുറെയൊക്കെ നിര്‍ബന്ധിച്ചിട്ടും പൈസ കിട്ടാതായപ്പോള്‍ തലയ്ക്കിട്ടൊരു കൊട്ടും തന്നിട്ട് ടോയ്ലറ്റില്‍ പുഷപ് എടുക്കാന്‍ കൂട്ടത്തിലെ തടിയന്റെ നിര്‍ദേശം. വേറെ വഴിയൊന്നും ഇല്ല. എടുത്തില്ലേല്‍ ഇടിയും ഉറപ്പാണ്. ഗത്യന്തരമില്ലാതെ നാലഞ്ചു പുഷപ് എടുത്തു. അപ്പോഴേക്കും വേറെ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയേഴ്‌സ് വന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോരാന്‍ പറ്റി.

ഈ റാഗിങ്ങ് കലാപരിപാടികള്‍ക്ക് ചില അധ്യാപികമാരും കൂട്ട് നിന്നിരുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അവര്‍ക്ക് ക്ലാസില്‍ ഇഷ്ടപ്പെടാത്ത വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ ലിസ്റ്റ് സീനിയേഴ്‌സിന് കൊടുക്കുക, എന്നിട്ട് പാവം കുട്ടികളെ റാഗിങ്ങ് ചെയ്യുന്നത് കണ്ടു രസിക്കുക. ഇതെല്ലാം അവിടുത്തെ ചില അധ്യാപികമാരുടെ ഒരു ഹോബി ആയിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റിലെ കോറിഡോറില്‍ മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുക (അതിന് ആണ്‍-പെണ്‍ വ്യത്യാസം ഇല്ല) എന്നതും സീനീയേസ്സിന്റെ ഇഷ്ട വിനോദങ്ങള്‍ ആയിരുന്നു. ആദ്യ സെമസ്റ്റര്‍ തീരുന്നത് വരെ നിരന്തരം പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. കേവലം ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇടാതെ വന്നാല്‍ പോലും തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ആരെങ്കിലും എന്തെങ്കിലും തിരികെ പ്രതികരിച്ചാല്‍ അടിപിടിയിലേക്ക് ആ പ്രശ്‌നത്തെ വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്യും. മുടി വളര്‍ത്തി കോളേജില്‍ വന്നവരുടെ മുടി മുറിക്കല്‍, ബൈക്കില്‍ വരുന്നവരുടെ ചാവി ബലമായി പിടിച്ചു വാങ്ങി ബൈക്ക് കൊണ്ടുപോകല്‍, ക്ലാസ് വിട്ടു ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെ അവിടെ നിര്‍ത്തി പാട്ട് പാടിക്കല്‍ ഇതൊക്കെ മുറയ്ക്ക് നടന്നു പോകും. ആദ്യ സെമസ്റ്റര്‍ തീര്‍ന്നാലും ചിലരുടെയൊക്കെ അക്രമങ്ങള്‍ അവസാനിക്കുകയില്ല.

എല്ലാ സീനിയേഴ്സും മോശമാണെന്നല്ല ഈ പറഞ്ഞതിന്റെ ഒക്കെ അര്‍ഥം. രണ്ടാം വര്‍ഷം ആയിക്കഴിഞ്ഞാല്‍ എന്തും ചെയ്യാം എന്ന ലൈസന്‍സ് ആയി എന്ന് കരുതുന്ന ഒരു ചെറിയ കൂട്ടമാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുനത്. ഇക്കൂട്ടരോട് തങ്ങളുടെ സീനിയേഴ്‌സ് ചെയ്തു കൂട്ടിയ പ്രവര്‍ത്തികള്‍ രണ്ടാം വര്‍ഷം ആകുമ്പോള്‍ അവരുടെ ജൂനിയേഴ്‌സിനോട് ചെയ്യുന്നു. അതിങ്ങനെ ചങ്ങല പോലെ നീണ്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു.

 

കോളെജിലെ ലൈബ്രറിയുടെ ജനല്‍ ചില്ലുകള്‍ സ്ഥിരം ഉടയാറുണ്ട്. അതില്‍ ഏതെങ്കിലും ഒരു ജൂനിയര്‍ വിദ്യാര്‍ഥിയുടെ രക്തം തെറിക്കാറുണ്ട്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചില്ലെങ്കില്‍ അക്രമം എങ്ങനെയും സംഭവിക്കാം. എതിര്‍ക്കാന്‍ ചെന്നവരെ ഒക്കെ ഗ്രൌണ്ടിലും ലൈബ്രറിക്കകത്തും ലാബിലും ഒക്കെ ആയി വളഞ്ഞിട്ട് തല്ലും. സിനിയര്‍ ചേട്ടന്മാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാന്‍ വിധിക്കപ്പെട്ട കുറേ പെണ്‍കുട്ടികള്‍ ഞങ്ങളുടെ ബാച്ചില്‍ ഉണ്ടായിരുന്നു.

ഇതെല്ലം ഒരു സെല്‍ഫ് ഫിനാന്‍സിംഗ് കോളേജിലാണ് നടക്കുന്നത് എന്നോര്‍ത്ത് സമാധാനിക്കാം. ഒരു സര്‍ക്കാര്‍ പ്ലസ്ടൂ സ്‌കൂളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതല്ല ഇതിനപ്പുറവും ഇപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംഭവിക്കുന്നുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ പ്ലസ്ടൂവിന് പഠിച്ച സ്‌കൂളിലും ഇതുപോലെ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അവിടെ ചേച്ചിമാര്‍ക്ക് ജൂനിയെഴ്സിനെ ടോയിലറ്റില്‍ കയറ്റാന്‍ ഒട്ടും താല്പര്യം ഇല്ല. ഇടവേളകളില്‍ ജൂനിയര്‍ പെണ്‍കുട്ടികള്‍ എത്തുമ്പോള്‍ തടഞ്ഞു നിര്‍ത്തുക ഇവരുടെ പതിവായിരുന്നു. ഗത്യന്തരമില്ലാതെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിന് ശേഷമാണ് ചേച്ചിമാരുടെ ഈ സ്‌നേഹ പ്രകടനം അവസാനിച്ചത്. ചേട്ടന്മാര്‍ സ്ഥിരം നമ്പര്‍ ആയ ഷര്‍ട്ടിനു ബട്ടന്‍സ് ഇടീപ്പിക്കുക, എതിര്‍ പാര്‍ട്ടിക്കാരുടെ കൊടി തോരണങ്ങള്‍ നശിപ്പിക്കാന്‍ പാവം ജൂനിയര്‍ പയ്യന്മാരെ പറഞ്ഞു വിടുക തുടങ്ങിയ കലാപരിപാടികളുമായി കറങ്ങി നടക്കും.

എല്ലാ വര്‍ഷവും സ്ഥലത്തെ പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. എന്നാല്‍ ഇതൊന്നും ഇത്തരം കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയില്ല.

ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ഗതി ഇങ്ങനെയാണെങ്കില്‍ സെല്‍ഫ് ഫിനാന്‍സ് കോളേജുകളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഞങ്ങള്‍ പഠിച്ചിറങ്ങുന്നത് വരെ കോളേജില്‍ ആന്റി റാഗിങ്ങ് സെല്ലുകളോ, സജീവ പിറ്റിഎ കമ്മിറ്റി പോലും ഇല്ലായിരുന്നു. എല്ലാം മാനേജ്‌മെന്റ് വിചാരിക്കുന്നത് പോലെ. വേറൊരു വസ്തുത കോളേജിലെ അധ്യാപകരുടെ കൂട്ടത്തില്‍ മതിയായ യോഗ്യതകള്‍ ഉള്ളവര്‍ വിരളമായിരുന്നു എന്നതാണ്. കാശിന്റെ ബലത്തില്‍ മാത്രം നിലനിന്നു പോകുന്ന കേരളത്തിലെ നൂറ്കണക്കിന് സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ ഒന്നുമാത്രമാണ് ഞങ്ങളുടെ കോളേജ്. നല്ല വിദ്യാഭ്യാസം പ്രതീക്ഷിച്ച് നിരവധി വിദ്യാര്‍ഥികള്‍ അവിടെ ഓരോ വര്‍ഷവും എത്താറുണ്ട്. പഠിച്ചിറങ്ങിയ കോളേജിനെ പറ്റി കുറ്റം പറയാന്‍ പാടില്ല എന്നാണ്. എന്നാലും കോളേജിനെ പറ്റി അന്വേഷിക്കുന്ന കുട്ടികളോട് ഞാന്‍ ചോദിക്കാറുണ്ട് സര്‍ക്കാര്‍ കോളേജില്‍ പഠിച്ചാല്‍ പോരേ? എന്ന്. സര്‍ക്കാര്‍ കോളേജുകള്‍ പൂര്‍ണമായും നല്ലതാണ് എന്നല്ല അതിനര്‍ഥം. പക്ഷെ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളെക്കാള്‍ എന്തുകൊണ്ടും നല്ലത് നമ്മുടെ ഗവണ്മെന്റ് കോളേജുകള്‍ ആണ്.

 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയ്നിയാണ് വിഷ്ണു) 

This post was last modified on July 30, 2016 1:07 pm

Related Post
Leave a Comment