അഴിമുഖം പ്രതിനിധി
കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി പ്രമുഖ എഴുത്തുകാരന്‍ വൈശാഖനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പെരുമ്പടവം ശ്രീധരന്റെ പിന്‍ഗാമിയായിട്ടാകും തൃശ്ശൂര്‍ സ്വദേശിയായ വൈശാഖന്‍ അക്കാദമി തലപ്പത്തേക്ക് വരുന്നത്. നേരത്തെ കവി സച്ചിതാനന്ദന്റെ പേരായിരുന്നു ഈ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നത്. സംഗീത നാടക അക്കാമിയുടെ അധ്യക്ഷയായി ചലച്ചിത്ര-നാടക അഭിനേത്രിയായ കെപിഎസി ലളിത എത്തുമെന്നും അറിയുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് നിലവിലെ അക്കാദമി അധ്യക്ഷന്‍. ഇടതു സഹയാത്രികയായ ലളിത കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടതായിരുന്നു. പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്ന് അവസാന നിമിഷം അവര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ചലച്ചിത്രതാരം മുകേഷ് ആയിരുന്നു സംഗീത നാടക അക്കാദമി ചെയര്‍മാന്‍.
മറ്റൊരു ശ്രദ്ധേയമായ തിരിച്ചുവരവ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ആയുള്ള ബിന പോളിന്റെ നിയമനമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അക്കാദമി പ്രവര്‍ത്തനങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി അക്കാദമിയില്‍ നിന്നും രാജിവച്ച് സ്വകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാമദി ചെയര്‍മാന്‍. നാടന്‍ പാട്ടു കലാകാരന്‍ സി ജെ കുട്ടപ്പന്‍ ആയിരിക്കും ലളിതകല അക്കാദമി ചെയര്‍മാന്‍.
This post was last modified on December 27, 2016 4:32 pm
Leave a Comment