X

പഞാബില്‍ അമരീന്ദര്‍ സിംഗിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നിയമങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൊണ്ടുവരും. പഞ്ചാബിനെ ആരൊക്കെ ദ്രോഹിച്ചോ അവരെയെല്ലാം ജയിലിലാക്കും.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞ രാഹുല്‍, ഡല്‍ഹി മുഖ്യമന്ത്രിയെ പഞ്ചാബിന് വേണ്ടെന്നും അരവിന്ദ് കേജ്രിവാളിനെ ഉദ്ദേശിച്ച് പറഞ്ഞു. മജീതയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ബാദല്‍ കുടുംബത്തേയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കാത്തതിനാല്‍ പഞ്ചാബിലെ കര്‍ഷകര്‍ അസ്വസ്ഥരാണ്. ബാദല്‍ കുടുംബം സഹായിച്ചത് മുഴുവന്‍ സ്വന്തക്കാരെയാണ്. സാധാരണ ജനങ്ങള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ല. ഓരോ കര്‍ഷകനും ബാദല്‍ (മേഘങ്ങള്‍) കാണുമ്പോള്‍ മഴ പെയ്യുമെന്നും മികച്ച വിളവ് ലഭിക്കുമെന്നും പ്രതീക്ഷിച്ച് സന്തോഷിക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം അതല്ല. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോദിയുടെ അവകാശവാദം. എങ്കില്‍ എങ്ങനെ അകലാദളിനെ അവര്‍ പിന്തുണയ്ക്കും? അകാലിദള്‍ പഞ്ചാബിനെ നശിപ്പിച്ചെന്ന് രാജ്യത്തിന് മുഴുവനും അറിയാമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

പഞ്ചാബില്‍ 70 ശതമാനത്തോളം യുവാക്കള്‍ ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് നാല് വര്‍ഷം മുന്‍പേ ഞാന്‍ പറഞ്ഞതാണ്. അന്ന് ബാദല്‍ കുടുംബം എന്നെ പരിഹസിച്ചു. ഇന്ന് പഞ്ചാബ് മുഴുവന്‍ അന്ന് ഞാന്‍ പറഞ്ഞത് ശരി വയ്ക്കുന്നു. സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നിയമങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൊണ്ടുവരും. പഞ്ചാബ് എന്നു കേള്‍ക്കുമ്പോഴേ ലഹരിമാഫിയ ഞെട്ടിവിറയ്ക്കുന്ന തരത്തിലെ സര്‍ക്കാരിനെയായിരിക്കും ഞങ്ങള്‍ ഇവിടെ രൂപീകരിക്കുക. പഞ്ചാബിനെ ആരൊക്കെ ദ്രോഹിച്ചോ അവരെയെല്ലാം ജയിലിലാക്കും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്റെ ജീവിതം മുഴുവനും പഞ്ചാബിനായി മാറ്റിവച്ചിരിക്കുകയാണ്. അദ്ദേഹമായിരിക്കും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി – രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാം. എഎപി സര്‍ക്കാരിനെക്കാള്‍ മികച്ച രീതിയില്‍ ഭരണം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് ഡല്‍ഹിയിലുള്ളവര്‍ പറയും. അരവിന്ദ് കേജ്‌രിവാള്‍ ഇവിടെ ഒന്നു പറയും ഡല്‍ഹിയില്‍ മറ്റൊന്ന് പറയും. നരേന്ദ്ര മോദി അഴിമതിയെക്കുറിച്ചു പറയും, എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഏറ്റവും വലിയ അഴിമതി നടത്തുന്ന പാര്‍ട്ടി. ഏത്് വ്യവസായമെടുത്താലും ബാദല്‍ കുടുംബത്തിന്റെ ഏകാധിപത്യമാണ് പഞ്ചാബില്‍ കാണുന്നത്. ബാദല്‍ കുടുംബത്തിന്റെ ബസുകള്‍ മാത്രമേ ഇവിടെ കാണാനാകുന്നുള്ളൂ. എല്ലാം നിങ്ങളുടേതാണ്, എനിക്ക് ഒന്നുമില്ലെന്നാണ് ഗുരു നാനാക് പറഞ്ഞത്. എന്നാല്‍ അകാലിദള്‍ പറയുന്നത് എല്ലാം എന്റേതാണ് എന്നാണ്. പഞ്ചാബിന്റെ വികസനത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്നും എല്ലാവര്‍ക്കും ചേര്‍ന്ന് സംസ്ഥാനത്തി വികസനം കൊണ്ടുവരാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബ് പിസിസി അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ മിംഗ് നേരത്തെ തന്നെ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

This post was last modified on January 27, 2017 6:45 pm

Related Post
Leave a Comment