X

യുപി ട്രെയിന്‍ അപകടം; റെയില്‍വെ മന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ അപകടത്തില്‍ 63- പേരോളം മരിക്കാനിടയാവുകയും 100-ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത  സംഭവത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് രാവിലെ മൂന്ന് മണിക്ക് കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുക്രായനില്‍ പട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്. നാലു ഏസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു.

മൊബൈല്‍ മെഡിക്കല്‍ ടീം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും കൂടൂതല്‍ വൈദ്യസംഘവും സുരക്ഷാ ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് തിരിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് എ സക്‌സേനയും അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍വെ മന്ത്രിയെ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു. അപകടത്തില്‍ മരിച്ചവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണസേന സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കി.

പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂര്‍ണമായും തകര്‍ന്ന എസ് 2 കോച്ചില്‍ സഞ്ചരിച്ചവരാണ് മരിച്ചവരിലേറെയും. അപകടത്തില്‍ പരിക്കേല്‍ക്കാത്ത യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

This post was last modified on December 27, 2016 2:17 pm