X

ഉത്തരഖണ്ഡില്‍ മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ്

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മെയ് 10-ന് വിശ്വാസ വോട്ട് തേടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഈ നിര്‍ദ്ദേശം ഹരീഷ് റാവത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഒമ്പത് പേര്‍ക്ക് വോട്ട് ചെയ്യാനാകാത്തതിനാല്‍ സഭയുടെ അംഗസംഖ്യ 70-ല്‍ നിന്നും 61 ആകുന്നതിനാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 31 എംഎല്‍എമാരുടെ പിന്തുണ മതിയാകും.

ഒമ്പതു പേരും സ്പീക്കറുടെ നടപടിയെ ഉത്തരഖണ്ഡ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. നാളെ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നുണ്ട്. അവര്‍ക്ക് അനുകൂലമായി വിധി വന്നാല്‍ കണക്കുകള്‍ വീണ്ടും മാറും.

തനിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് വാദിച്ചിരുന്ന ഹരീഷ് റാവത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ ഒരു മണിവരെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ആ സമയത്തേക്ക് രാഷ്ട്രപതി ഭരണം റദ്ദാക്കും. സുപ്രീംകോടതി നിരീക്ഷകനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ നടപടി ക്രമങ്ങളും വീഡിയോ റെകോര്‍ഡ് ചെയ്യുകയും ചെയ്യും.

This post was last modified on December 27, 2016 4:02 pm