X

പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എതിര്‍ക്കുമെന്ന് ആര്‍എംപി

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിബിഐ പ്രതിപട്ടികയില്‍ ചേര്‍ത്ത സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മേയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉണ്ടായ അതേസാഹചര്യം തന്നെ തങ്ങള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ആണ് വരിക എന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതിന് ഇടയില്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വക ബോംബ്.

ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിക്കുമെന്നാണ് ആര്‍ എം പി ഉയര്‍ത്തുന്ന ഭീഷണി. ആര്‍എംപി നേതാവ് എന്‍ വേണുവാണ് ഈ ഭീഷണിക്ക് പിന്നില്‍. അക്രമികള്‍ക്ക് ജനകീയ മുഖം നല്‍കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നാണ് വേണുവിന്റെ ആരോപണം. ജാമ്യം കിട്ടിയതു കൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനല്ലെന്ന് വരുന്നില്ലെന്നും വേണു തറപ്പിച്ചു പറയുന്നു.

ആര്‍എംപി നേതാവ് ഇപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ഉന്നത തല ഗൂഢാലോചന നടത്തിയെന്ന് ആര്‍എംപി ആരോപിക്കുന്ന ഒരാളാണ് പി ജയരാജന്‍. സിപിഐഎമ്മിലെ കണ്ണൂര്‍ ലോബിയെന്ന് അറിയപ്പെടുന്ന പിണറായി വിജയന്‍ വിഭാഗത്തിന്റെ സമ്മുന്നത നേതാവുമാണ് ജയരാജന്‍. ചന്ദ്രശേഖരനെ കൊന്നതില്‍ ജയരാജന്റെ പങ്ക് കുറച്ചു കാണിക്കാനാകില്ലെന്ന് കൊലപാതകം നടന്നതിന്റെ പിറ്റേന്നു മുതല്‍ ഭാര്യ രമയും ആര്‍എംപിക്കാരും പറഞ്ഞിരുന്നു.

ജയരാജന്‍ സ്ഥാനാര്‍ത്ഥിയായാല്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്തു വരുമെന്ന് ആര്‍എംപി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെ സിപിഐഎമ്മിന്റെ ഭാഗത്തു നിന്നും ഇനിയങ്ങോട്ടുള്ള നീക്കങ്ങള്‍ അത്യന്തം കരുതലോടു കൂടിയാകും. ജയരാജന്‍ രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട കൂത്തുപറമ്പ് നിയോജക മണ്ഡലം നിലവില്‍ സിപിഐഎമ്മിന് അനുയോജ്യമല്ലാത്തതിനാല്‍ തലശേരിയായിരിക്കും പാര്‍ട്ടി ജയരാജനുവേണ്ടി തെരഞ്ഞെടുക്കുന്ന മണ്ഡലം. തലശേരിയായാലും കൂത്തുപറമ്പ് ആയാലും വടകരയോട് ചേര്‍ന്ന് കിടക്കുന്ന ഈ രണ്ട് മണ്ഡലങ്ങളില്‍ ആര്‍എംപിക്ക് ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പിന്നറക്കഥ പറഞ്ഞ് ജയരാജനെ തോല്‍പിക്കാന്‍ ആകും എന്നാണ് ആര്‍എംപിയുടെ പ്രതീക്ഷ.

ജയരാജന്റെ സഹോദരി പി സതീദേവി വടകര ലോകസഭാ മണ്ഡലത്തില്‍ നിന്നും തോല്‍ക്കുന്നിടത്തു നിന്നും തുടങ്ങിയതാണ് സിപിഐഎമ്മും ആര്‍എംപിയും തമ്മിലുള്ള തീവ്ര ശത്രുത. ഇതാകട്ടെ പിന്നീട് ചെന്നുനിന്നത് ചന്ദ്രശേഖരന്റെ കൊലപാതകത്തിലും തുടര്‍ന്ന് അങ്ങോട്ട് വടകര ലോകസഭ മണ്ഡലത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു സിപിഐഎമ്മിന്റെ വിധി എന്നതിനാല്‍ ആര്‍എംപിയുടെ ഈ പുതിയ ഭീഷണിയെ പാര്‍ട്ടി എങ്ങനെ കാണുമെന്നത് വരുംദിവസങ്ങളില്‍ അറിയാം.

This post was last modified on December 27, 2016 3:54 pm