X

രോഹിതിന്റെ ആത്മഹത്യ: രാഹുല്‍ ഗാന്ധി വീണ്ടും ഹൈദരാബാദ് സര്‍വകലാശാലയില്‍

അഴിമുഖം പ്രതിനിധി

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നു. ഇടക്കാല വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവ അവധിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കം ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് രാഹുല്‍ സര്‍വകലാശാലയിലെത്തിയത്. അര്‍ദ്ധരാത്രിയില്‍ സര്‍വകലാശാലയില്‍ നടന്ന മെഴുകുതിരി തെളിച്ചുള്ള പ്രകടനത്തിലും രാഹുല്‍ പങ്കെടുത്തു. രോഹിതിന് 27 വയസ് തികയുന്ന ഇന്ന് സര്‍വകലാശാലയില്‍ കനത്ത പ്രതിഷേധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് രാഹുല്‍ രോഹിതിന്റെ ആത്മഹത്യയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേരുന്നത്. കാമ്പസില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് ആത്മഹത്യ ചെയ്തത് രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അതേസമയം രാഹുലിന്റെ സന്ദര്‍ശനം മൃതദേഹത്തിനുമേലുള്ള രാഷ്ട്രീയമാണ് എന്നാരോപിച്ച് എ ബി വി പി തെലങ്കാനയിലെ കോളെജുകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇടക്കാല വിസി അവധിയില്‍ പ്രവേശിച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. എബിവിപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രോഹിതിനേയും സഹപാഠികളേയും സസ്‌പെന്‍ഡ് ചെയ്ത വി സി അപ്പാ റാവു വിവാദങ്ങള്‍ക്കിടെ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല വിസി ചുമതലയേറ്റത്.

വി സിയുടെ രാജിക്കൊപ്പം കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയുടേയും ബന്ദാരു ദത്താത്രേയയുടെ രാജിയും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരം തുടരുന്നത്. മന്ത്രിമാര്‍ രോഹിതിനേയും മറ്റും സസ്‌പെന്‍ഡ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

This post was last modified on December 27, 2016 3:34 pm