X

രോഹിത് വെമുലയുടെ ജാതി കണ്ടെത്താന്‍ വീണ്ടും അന്വേഷണം

അഴിമുഖം പ്രതിനിധി

രോഹിത് വെമുല ദളിതനാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജില്ല കളക്ടര്‍ ഒടുവില്‍ മലക്കംമറിഞ്ഞു. രോഹിത് വെമുലയുടെ ജാതി സംബന്ധിച്ച് ആശയക്കുഴപ്പം നിലവിലുണ്ടെന്നും വീണ്ടും പുതിയ അന്വേഷണം നടത്തണമെന്നും ഗുണ്ടൂര്‍ ജില്ല കളക്ടര്‍ കാന്തിലാല്‍ ദാണ്ടേ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. ഗുണ്ടൂര്‍ അര്‍ബന്‍ മണ്ഡല്‍ റവന്യൂ ഓഫീസര്‍ നല്‍കിയ ജാതിയും ഗുര്‍ജല മണ്ഡല്‍ റവന്യൂ ഓഫീസര്‍ നല്‍കിയ ജാതിയും വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ ജാതി കണ്ടെത്താന്‍ സാധിക്കൂ എന്നാണ് ഇപ്പോള്‍ ജില്ല കലക്റ്റര്‍ പറയുന്നത്.

രോഹിത് ദളിതനല്ലെന്നും അതുകൊണ്ടുതന്നെ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ സാധിക്കില്ലെന്നും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന അപ്പറാവു പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയ, വൈസ് ചാന്‍സലര്‍ അപ്പാറാവു എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ദളിത് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രക്ഷോഭത്തിലാണ്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് രോഹിതിന്റെ ജാതി സംബന്ധിച്ച സ്ഥിരീകരണം കൂടിയേ തീരൂ.

ഈ വര്‍ഷം ജനുവരി മാസത്തിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിതിന്റെ ആത്മഹത്യയെത്തുടര്‍ന്ന് രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

 

 

This post was last modified on December 27, 2016 4:17 pm