X

രോഹിതിന്റെ ആത്മഹത്യ ദളിത് പ്രശ്‌നമാക്കരുതെന്ന് സ്മൃതി ഇറാനി

അഴിമുഖം പ്രതിനിധി

രോഹിത് വെമൂലയുടെ ആത്മഹത്യ ദളിത് പ്രശ്‌നമാക്കി ഉയര്‍ത്തരുതെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിതരും ദളിത് വിരുദ്ധരും തമ്മില്‍ പ്രശ്‌നമുണ്ടെന്നുള്ള വിവാദവും അവസാനിപ്പിക്കണമെന്നു സ്മൃതി ഇറാനി അഭ്യര്‍ത്ഥിച്ചു.

ഹൈദരാബാദ് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതാദ്യമായാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി വിശദീകരണത്തിനു തയ്യാറായത്. രോഹിതിന്റെ ആത്മഹത്യ രാജ്യമെങ്ങും പ്രതിഷേധങ്ങളുയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറായതെന്ന് അറിയുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്മൃതി ഇറാനിയും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. രോഹിതിന്റെ ആത്മഹത്യത്തില്‍ സ്മൃതി ഇറാനിക്കും ബന്ദാരു ദത്താത്രേയയ്ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപകപ്രതിഷേധം നടത്തിവരികയാണ്.

ദളിതര്‍ക്കെതിരെയുള്ള പ്രശ്‌നമാക്കി ഹൈദരബാദ് സര്‍വകലാശയിലെ വിഷയങ്ങളെ സമീപിക്കരുത്. രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരായ നടപടി സര്‍വ്വകലാശാല അംഗീകരിച്ചതാണ്. രോഹിത്തിന് എതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥി ഒബിസി വിഭാഗത്തില്‍പ്പെടുന്നയാളാണ്. രോഹിതിന് എതിരായ പരാതി അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ തലവനും, ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടെടുത്ത ഹോസ്റ്റല്‍ വാര്‍ഡനും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണെന്നും സ്മൃതി ഇറാനി വിശദീകരിച്ചു.

അച്ചടക്കസമിതിക്കെതിരെയുള്ള രോഹിതിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷം ദയ തോന്നിയാണ് സര്‍വ്വകലാശാല രോഹിതിന് ക്ലാസില്‍ കയറാന്‍ അനുമതി കൊടുത്തത്. അച്ചടക്ക സമിതിയിലെ അംഗങ്ങളെ നിയമിച്ചത് കഴിഞ്ഞ യുപിഎ സര്‍ക്കാരാണ്. സര്‍വ്വകലാശാലയിലെ പ്രശ്‌നത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 2014ല്‍ കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവും തനിക്ക് കത്തയച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തും സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ വികാരങ്ങള്‍ ആളിക്കത്തിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. അത്മഹത്യാ കുറിപ്പില്‍ സംഘടനകള്‍ക്കെതിരെയോ വ്യക്തികള്‍ക്കെതിരെയോ ആക്ഷേപമില്ലെന്നും സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

 

This post was last modified on December 27, 2016 3:35 pm